Thursday, January 23, 2025
Latest

ഇസ്രായേലിൽ മുങ്ങിയ ബിജു കുര്യൻ തിരിച്ചെത്തി


മലപ്പുറം: കൃഷി പഠിക്കാൻ സർക്കാർ സംഘത്തിനൊപ്പം ഇസ്രയേലിൽ പോയ ശേഷം മുങ്ങിയ മലയാളി കർഷകൻ ബിജു കുര്യൻ കേരളത്തിൽ തിരിച്ചെത്തി. രാവിലെ കരിപ്പൂരിൽ വിമാനമിറങ്ങിയ ബിജു നാട്ടിലേക്ക് തിരിച്ചു. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും സ്വമേധയാ ആണ് തിരിച്ചുവന്നതെന്നും ബിജു പറ‍ഞ്ഞു. ഒരു ഏജൻസിയും തന്നെ അന്വേഷിച്ച് വന്നില്ലെന്നും സഹോദരനാണ് ടിക്കറ്റെടുത്ത് നൽകിയതെന്നും ബിജു പറയുന്നു.
പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുക ആയിരുന്നു ലക്ഷ്യം. ഇത് സംഘത്തോട് പറഞ്ഞാൽ അനുവാദം കിട്ടില്ലെന്ന് കരുതി. മുങ്ങി എന്ന വാർത്ത പ്രചരിച്ചപ്പോൾ വിഷമം തോന്നി. അതാണ് സംഘത്തോടൊപ്പം തിരികെയെത്താൻ സാധിക്കാഞ്ഞത്. സർക്കാരിനോടും സംഘാംഗങ്ങളോടും നിർവ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു കുര്യൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ചശേഷം ബന്ധുക്കൾക്ക് ഒപ്പം ബിജു നാട്ടിലേക്ക് തിരിച്ചു

കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കുന്നതിന് വേണ്ടിയായിരുന്നു കൃഷിവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോകിന്‍റെ നേതൃത്വത്തില്‍ കേരളാ സര്‍ക്കാരിന്റെ 27 പേരടങ്ങുന്ന കര്‍ഷക സംഘം ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. സന്ദര്‍ശന വേളയിൽ കണ്ണൂര്‍ സ്വദേശിയായ ബിജു കുര്യൻ എന്ന കര്‍ഷകൻ സംഘത്തില്‍ നിന്നും കാണാതായി. പിന്നീടാണ് ഇയാൾ മുങ്ങിയതാണെന്ന്തിരിച്ചറിഞ്ഞത്. തിരച്ചിലിനിടെ ബിജു കുര്യൻ വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും അറിയിച്ചു. ഇതേ തുടര്‍ന്ന് ബിജു കുര്യനില്ലാതെ കര്‍ഷക സംഘം ഫെബ്രുവരി 20 ന് മടങ്ങിയെത്തി. ബിജുവിന്‍റെ വിസയ്ക്ക് മെയ് 8 വരെ കാലാവധിയുണ്ടായിരുന്നു. എന്നാൽ ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സർക്കാർ ഇന്ത്യൻ എംബസി വഴി ആവശ്യപ്പെട്ടു. ഇതോടെയാണ് ഇയാൾ തിരികെപോരാൻ തീരുമാനിച്ചതെന്നാണ് സൂചന.


Reporter
the authorReporter

Leave a Reply