കോഴിക്കോട്: ബേപ്പൂർ സ്വദേശിനിയുടെ 36 പവൻ സ്വർണവുമായി കടന്നു കളഞ്ഞ ആന്ധ്രപ്രദേശ് വിജയവാഡ യാനമല കുണ്ടുരു സ്വദേശിനി സൗജന്യയെയാണ് ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ബേപ്പൂർ പോലീസും ചേർന്ന് മുംബൈയിൽ നിന്നും പിടികൂടിയത്.
നടുവട്ടം ഐടിഐക്ക് സമീപം കാടക്കണ്ടി ശിവരാമന്റെ വീട്ടിൽ നിന്നാണ് സ്വർണ്ണം നഷ്ടപ്പെട്ടത്. ശിവരാമന്റെ മകൻ അമൃതേഷിന്റെ ഭാര്യയുടെ സുഹൃത്തും സഹപാഠിയുമായ പ്രതി പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ കുറച്ച് ദിവസം ഇവരുടെ വീട്ടിൽ താമസിച്ചിരുന്നു. ജൂലൈ 19ന് യുവതി തിരിച്ചു പോയ ദിവസങ്ങൾ കഴിഞ്ഞ ശേഷം കിടപ്പുമുറിയിലെ അലമാര തുറന്നു നോക്കിയപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം കുടുംബം അറിഞ്ഞത്. പ്രതി പഠിക്കുന്ന ബംഗ്ലൂരിലെ കോളേജിലും താമസസ്ഥലത്തും അന്വേഷിച്ചെങ്കിലും പ്രതി താൻസാനിയയിലെ ബന്ധുവിന്റെ അടുത്തേക്ക് രാജ്യം വിട്ടതായി മനസ്സിലാക്കുകയായിരുന്നു. കഴിഞ്ഞ ആറിന് തിരിച്ചെത്തിയ യുവതി സഹോദരിയുടെ കൂടെ വഡോദരയിൽ ഹോസ്റ്റലിൽ കഴിയുകയായിരുന്നു. അവിടെനിന്നും മുംബൈ വഴി ഹൈദരാബാദിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മൂന്ന് സംഘങ്ങളായി നിലയുറപ്പിച്ച ക്രൈംസ്കോഡും ബേപ്പൂർ പോലീസും ചേർന്ന് മുംബൈ എയർപോർട്ട് പരിസരത്തു നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.










