കോഴിക്കോട്:കേരളത്തിലെ വിനോദസഞ്ചാര മേഖലക്ക് പുത്തനുണർവ് നൽകുന്നതിനും മലബാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി.) സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജല-കായിക-സാഹസിക മാമാങ്കമായ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ അഞ്ചാമത് സീസൺ ഡിസംബർ 26, 27, 28 തിയതികളിലായി വിവിധ വേദികളിലായി സംഘടിപ്പിക്കുകയാണ്. ഫെസ്റ്റിൻ്റെ ഉദ്ഘാടനം ഡിസംബർ 26ന് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. ബേപ്പൂര്‍, ചാലിയം, നല്ലൂര്‍, രാമനാട്ടുകര ഗവൺമെൻ്റ് എ.യു.പി സ്കൂൾ, ഫറോക്ക് വി പാര്‍ക്ക്, നല്ലളം വി പാര്‍ക്ക്, നല്ലളം അബ്ദുറഹ്‌മാന്‍ പാര്‍ക്ക് എന്നീ വേദികളിലാണ് ഫെസ്റ്റിൻ്റെ ഭാഗമായുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുക.

ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഭക്ഷ്യമേള ഡിസംബർ 25 മുതൽ 29 വരെയാണ് സംഘടിപ്പിക്കുന്നത്. ഭക്ഷ്യമേളയുടെ ഉദ്ഘാടനം 26-ന് വൈകുന്നേരം നടക്കും.
മെഗാ ഇവന്റുകള്‍ക്ക് പകരം പ്രാദേശിക കലാകാരന്മാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും കലാപരിപാടികളാണ് ഇത്തവണ അരങ്ങേറുക. വയോജനങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി എല്ലാ ജനവിഭാഗങ്ങളുടെയും കലാവിഷ്‌കാരങ്ങള്‍ക്ക് ഫെസ്റ്റ് വേദിയാകും.
ഡിസംബര്‍ 25-ന് കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് സൈക്കിള്‍ റാലിയും 28-ന് ചാലിയത്തുനിന്ന് ബേപ്പൂരിലേക്ക് മാരത്തോണും സംഘടിപ്പിക്കും. ഫെസ്റ്റ് ദിനങ്ങളില്‍ വൈകിട്ട് വിവിധ വേദികളിലായി ബേപ്പൂര്‍ മണ്ഡലത്തിലെ വിവിധ സംഘങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും.
ഫെസ്റ്റിൻ്റെ പ്രധാന ആകര്‍ഷമായ കൈറ്റ് ഫെസ്റ്റിവലില്‍ ഇത്തവ അഞ്ചോളം രാജ്യങ്ങളിൽ നിന്നും 15 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കൈറ്റ് ടീമുകൾ മാറ്റുരക്കും. കൈറ്റ് ചാമ്പ്യൻഷിപ്, കപ്പലുകളുടെയും നാവിക സാങ്കേതിക വിദ്യയുടെയും പ്രദര്‍ശനം, ജലസാഹസിക പ്രകടനങ്ങള്‍, കലോത്സവം തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും.
ബീച്ച് സ്പോര്‍ട്സ് മത്സരങ്ങളുടെ ഭാഗമായ കബഡി, ബീച്ച് ഫുട്ബോള്‍, ബീച്ച് വോളിബോള്‍ മത്സരങ്ങള്‍ യഥാക്രമം ഡിസംബര്‍ 22, 23, 24 തീയതികളില്‍ നടക്കും. ചെസ് മത്സരം, കളരി, കരാട്ടെ, മാര്‍ഷല്‍ ആര്‍ട്സ് ഡെമോണ്‍സ്ട്രേഷന്‍ കയാക്കിങ്, സെയിലിങ്, സര്‍ഫിങ്, സ്റ്റാന്‍ഡ് അപ്പ് പാഡലിങ്, ജെറ്റ് സ്‌കി, ഫ്ളൈ ബോര്‍ഡ്, ഡിങ്കി ബോട്ട് റേസ്, കണ്‍ട്രി ബോട്ട് റേസ്, മലബാറിൽ ആദ്യമായി ഡ്രാഗണ്‍ ബോട്ട് റേസ് എന്നിവ ഡിസംബര്‍ 26 മുതല്‍ 28 വരെ നടക്കും.

റെസിഡന്‍സ് കലോത്സവം, കുടുംബശ്രീ കലോത്സവം എന്നിവയുടെ ഭാഗമായി വിവിധ വേദികളിലായി സിനിമാറ്റിക് ഡാന്‍സ്, ഗാനമേള, കോമഡി സ്‌കിറ്റ്, നൊസ്റ്റാള്‍ജിക് ഡാന്‍സ്, ഒപ്പന, തിരുവാതിരകളി, കോല്‍ക്കളി, നാടന്‍പാട്ട് തുടങ്ങിയവ അരങ്ങേറും. സ്‌കൂള്‍ കലോത്സവ ജേതാക്കളുടെ പരിപാടികള്‍, ഭിന്നശേഷി കുട്ടികള്‍, മ്യൂസിക് സ്‌കൂളുകള്‍, വയോജനങ്ങള്‍ എന്നിവരുടെ കലാപരിപാടികള്‍, പ്രാദേശിക നാടകങ്ങള്‍, കുട്ടികള്‍ക്കായുള്ള മാജിക് ഷോ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും. ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഡിസംബർ 28 ന് നടക്കുന്നതാണ്.
കേരളത്തിന് ജല-കായിക-സാഹസിക മത്സരങ്ങളുടെ ഭൂപടത്തിൽ ഇടം നേടിക്കൊടുക്കാൻ 2021 മുതൽ നടത്തിവരുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് ഫെസ്റ്റിനായിട്ടുണ്ട്. ഫെസ്റ്റിന്റെ സുഗമമായി നടത്തിപ്പിനായി ഒക്ടോബർ 26-ന് ബേപ്പൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഇരുപതോളം സബ് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു.
ഫെസ്റ്റ് സംഘാടക സമിതി കൺവീനർ ടി രാധാഗോപി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഡോ. ടി നിഖിൽദാസ്, മീഡിയ കമ്മിറ്റി ചെയർമാൻ സനോജ് കുമാർ, പിആർഡി അസിസ്റ്റൻറ് എഡിറ്റർ സൗമ്യ ചന്ദ്രൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.










