കോഴിക്കോട്:ഇലക്ഷൻ അടുത്താൻ കോഴിക്കോട് വലിയങ്ങാടി ഗണ്ണി സ്ട്രീറ്റിലെ സമീറിൻ്റെ കടയിൽ രാഷ്ട്രീയ പാർട്ടിക്കാരുടെ തിരക്കാണ്. പ്രചാരണം ഡിജിറ്റൽ രംഗത്തേക്ക് മാറിയിട്ടും സമീറിൻ്റെ സ്റ്റെൻസിലുകൾ ഇന്നും ട്രെൻഡിങ്ങാണ്. ഭംഗിയും ആകൃതിയും വലുപ്പവും ചോരാതെ കൈപ്പത്തിയും അരിവാൾ ചുറ്റികയും താമരയും ചുവരുകളിൽ നിറയണമെങ്കിൽ സമീറിന്റെ സ്റ്റെൻസിലുകൾ തന്നെ വേണം. ലോഹ ഷീറ്റുകളിൽ അക്ഷരങ്ങളും ചിഹ്നങ്ങളും വെട്ടിയെടുക്കുന്നതിനെയാണ് സ്റ്റെൻസിൽ എന്നു പറയുന്നത്. വലിയങ്ങാടി ഗണ്ണിസ്ട്രീറ്റിലെ സമീർ ടിൻവർക്ക്സ് കടയിലാണ് തെരഞ്ഞെടുപ്പ് കാലത്ത് തിരക്കേറുന്നത്. ലോഹ ഷീറ്റുകളിൽ സമീർ കൊത്തിയെടുക്കുന്ന രൂപങ്ങൾ ചുമരുകളിലും പോസ്റ്ററുകളിലും പതിപ്പിക്കുന്ന പണി മാത്രമേ പിന്നീട് ഓരോ പാർട്ടിക്കാർക്കുമുള്ളൂ. ഇങ്ങനെ ചെയ്യുന്നതിനാൽ ചിഹ്നങ്ങൾക്ക് ഒരേ വലിപ്പവും രൂപവും ഉണ്ടാകും. ചിത്രം വരയ്ക്കുമ്പോൾ ഇത്രയും കൃത്യത വരണമെന്നില്ല. അതിനാലാണ് പാർട്ടി പ്രവർത്തകർ ഇദ്ദേഹത്തെ തേടിയെത്തുന്നത്.

ചിഹ്നങ്ങളും പ്രചാരണവാ ക്യങ്ങളും ആവശ്യപ്പെട്ടാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ സമീർ വെട്ടിയെടുത്ത് തരും. ലോഹ ഷീറ്റുകളിൽ കൊത്തിയെടുക്കുന്നതിനാൽ അത്ര പെട്ടന്നൊന്നും ഇവയ്ക്ക് കേടുപാടുകൾ വരാതെ പല തവണ ഉപയോഗിക്കുകയും ചെയ്യാം എന്നതാണ് പ്രത്യേകത. ചിഹ്നങ്ങളുടെ വലുപ്പം അനുസരിച്ചാണ് നിരക്ക്.ആവശ്യം അനുസരിച്ച് ചാക്കിലും ഇരുമ്പിലും സ്റ്റീലിലുമെല്ലാം ചിഹ്നങ്ങൾ നിർമിച്ച് നൽകുകയും ചെയ്യും. ജില്ലയിലോ സമീപപ്രദേശങ്ങളിലോ ഇങ്ങനെ ഷീറ്റുകളിൽ സ്റ്റെൻസിൽ നിർമിക്കുന്നവർ വേറെയില്ല. അതിനാൽ തന്നെ ജില്ലയ്ക്ക് പുറമേ നിന്നും സമീറിനെ തേടി തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാർ കടയിൽ എത്തിയിരുന്നതായും സമീർ പറഞ്ഞു.
പതിമൂന്നാം വയസിൽ ഗണ്ണി സ്ട്രീറ്റിൽ ജോലി അന്വേഷിച്ച് വന്ന സമീർ 30 വർഷത്തിലേറെയായി ഈ മേഖലയിൽ സജീവം സാന്നിധ്യമാണ്. മലഞ്ചരക്ക് വ്യാപാരത്തിനും മറ്റും ഉപയോഗിക്കുന്ന ചണചാക്കുകളിൽ വിലാസം പതിപ്പിക്കുന്നതാണ് സമീറിൻ്റെ പതിവുജോലി. ഗൾഫ് രാജ്യങ്ങളിലേക്കും മറ്റും ഇത്തരത്തിൽ സ്റ്റെൻസിലുകൾ നിർമ്മിച്ച് അയക്കുന്നുണ്ട്.










