പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പമ്പയാറ്റിൽ നടക്കും. വള്ളംകളിക്കു മുൻപ് ജലഘോഷ യാത്രയുണ്ടാകും. രണ്ടുപതിറ്റാണ്ടിനു ശേഷം 52 പള്ളിയോടങ്ങളും പങ്കെടുക്കുന്ന ജലഘോഷയാത്രയാവും ഇത്തവണത്തേത്.
രാവിലെ 9.30-ന് ആറന്മുള ക്ഷേത്രത്തിൽനിന്ന് ഘോഷയാത്ര സത്രക്കടവിൽ എത്തിയശേഷം ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. കേന്ദ്ര മന്ത്രിമാരായ ഗിരിരാജ് സിങ്, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, വീണാ ജോർജ്, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, മുഹമ്മദ് റിയാസ്, പി.പ്രസാദ്, വി.എൻ വാസവൻ തുടങ്ങിയവർ അതിഥികളായെത്തും.
ആലപ്പുഴ നെഹ്റു ട്രോഫി ജലമേളയുടെ മാതൃകയിൽ ടൈമിങ് അടിസ്ഥാനത്തിലാണ് ഇത്തവണ വള്ളംകളി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 52 കരകളെ പ്രതിനിധാനം ചെയ്ത് 52 പള്ളിയോടങ്ങൾ ജലഘോഷയാത്രയിലും 50 പള്ളിയോടങ്ങൾ മത്സരവള്ളംകളിയിലും പങ്കെടുക്കും.