കോഴിക്കോട്:25 കിലോയിൽ താഴെയുള്ള ഭക്ഷ്യധാന്യങ്ങളുടെ പാക്കറ്റിന് ഏർപ്പെടുത്തിയ ചരക്ക് സേവന നികുതി അരിക്കും പയറിനും പാലുൽപ്പന്നങ്ങൾക്കും ബാധകമാക്കിയ നടപടി കേന്ദ്ര ജി.എസ്.ടി കൗൺസിൽ അടിയന്തിരമായി പിൻവലിക്കണമെന്ന് ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ലാ നിർവ്വാഹക സമിതിയോഗം അഭ്യർത്ഥിച്ചു. സാധാരണക്കാരായ ജനവിഭാഗങ്ങളെയാണ് ഇത് ഏറെ ബാധിക്കുകയെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജി.എസ്.ടി നടപ്പിലാക്കി 1848 ദിവസങ്ങൾക്കിടയിൽ ആയിരത്തിലധികം മാറ്റങ്ങൾ കേന്ദ്ര ജി.എസ്.ടി കൗൺസിൽ വരുത്തി, ചെറുകിട ഇടത്തരം കച്ചവട ക്കാർക്ക് ഈ നിയമം പേടി സ്വപ്നമാണ്. ജി. എസ്. ടി വരുന്നതിന് മുമ്പ് കൊല്ലത്തിൽ രണ്ടോ മൂന്നോ മാറ്റങ്ങളാണ് വരാറുണ്ടായിരുന്നത്. ആയിരത്തിലധികം മാറ്റങ്ങൾ ജി.എസ്.ടിയിൽ വന്നതുകൊണ്ട് വ്യാപാരികൾ ബില്ലിംഗ് സോഫ്റ്റു വെയറുകളിൽ മാറ്റം വരുത്താൻ ഏറെ കഷ്ടപ്പെടുകയാണ്. ഇതുമൂലം സമയ നഷ്ടവും സാമ്പത്തിക ബാധ്യതയും ഏറെയാണ്.
സാധാരക്കാരന് മനസ്സിലാക്കാൻ സാധിക്കാത്ത രീതിയിലാണ് ജി.എസ്.ടി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ജി.എസ്.ടി ഓഫീസിൽ നിന്ന് കച്ചവടക്കാർക്ക് അയക്കുന്ന നോട്ടീസുകളും സർക്കുലറുകളും മലയാളത്തിൽ ആക്കണമെന്ന് യോഗം കേരള സർക്കാറിനോട് അഭ്യർത്ഥിച്ചു.
കോഴിക്കോട് കോയൻ കോ ബസാറിലുള്ള എ.കെ.ഡി.എ ഭവനിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ബാബു കുന്നോത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹരീഷ് ജയരാജൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ പങ്കെടുത്തുകൊണ്ട് അമൽ. പി, മുജീബ് ഇൽഫ, ശംസുദ്ദീൻ കെ.കെ, ടി.പി. ഷഹീദ്, ലാലു, സി.കെ, ഷാജേഷ് കുമാർ, ഇ.എ. ലിങ്കൺ, സുനിൽകുമാർ, വി.പി, സന്തോഷ് സഹദേവൻ, തുഷാർ മേത്ത, നജീബ് എ.വി. അബൂബക്കർ.ടി. പി, ഷബീർ.പി, ബീജതോമസ്, ഷനോജ്.എം, സതീഷ്ബാബു, പി, സക്കറിയ, അബ്ദുള്ളക്കോയ, അബ്ദുൾ കലാം. പി.പി. മുരളീധരൻ എം എന്നിവർ പ്രസംഗിച്ചു. റാഷിദ്.സി.എച്ച് നന്ദിപറഞ്ഞു.