Monday, May 20, 2024
General

എയർ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ്


എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തിൽ കടുത്ത നടപടി തുടങ്ങി കമ്പനി. മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. ജീവനക്കാരുടെ സമരത്തെ തുടർന്ന് 90ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ജൂനിയർ ക്രൂ ജീവനക്കാരും അവധിയിലാണ്. കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കാണ് പിരിച്ചു വിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. ന്യായമായ കാരണമില്ലാതെയാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കൽ ലീവിന് പിന്നിൽ കൂട്ടായ തീരുമാനം ഉണ്ടെന്നും പിരിച്ചുവിടൽ നോട്ടീസിൽ കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഇന്ന് വൈകിട്ട് നാലിന് ചർച്ച നടക്കും.

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ തൊഴിലാളി സമരത്തെ തുടർന്ന് കണ്ണൂരിൽ ഇന്ന് ഇതുവരെ നാല് സർവീസുകൾ റദാക്കി. 4.20ന്റെ ഷാർജ വിമാനം അവസാന നിമിഷം റദ്ദാക്കിയതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. കൂടാതെ കണ്ണൂരിലും കരിപ്പൂരും തിരുവനന്തപുരത്തും എയർ ഇന്ത്യ സർവ്വീസ് റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂരിൽ അൽ ഐൻ, ജിദ്ദ , ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. 8.30 ന് പുറപ്പെടേണ്ട തിരുവനന്തപുരം – മസ്ക്കറ്റ് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ റദ്ദാക്കി.

അതേ സമയം, എയർ ഇന്ത്യയിൽ ഒരു വിഭാഗം സീനിയർ ക്യാബിൻ ക്രൂ അംഗങ്ങൾ നടത്തുന്ന സമരം നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഇന്ന് കാര്യമായി ബാധിച്ചിട്ടില്ല. വൈകിട്ട് 3 ന് കൊൽക്കത്തയിലേക്കുള്ള ഒരു ആഭ്യന്തര സർവീസ് മാത്രമാണ് ഇന്ന് ഇതുവരെ എയർ ഇന്ത്യ ക്യാൻസൽ ചെയ്തിട്ടുള്ളത്.


Reporter
the authorReporter

Leave a Reply