General

കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് സ്വകാര്യകമ്പനിക്ക് കൈമാറാൻ കമ്പനി ട്രൈബ്യൂണല്‍ ഉത്തരവ്


പൊതുമേഖലാ സ്ഥാപനമായ കോഴിക്കോട് സ്റ്റീല്‍ കോംപ്ലക്സ് സ്വകാര്യ കമ്പനിക്ക് ചുളുവിലയ്ക്ക് കൈമാറാന്‍ നാഷണല്‍ കമ്പനി ട്രൈബ്യൂണല്‍ ഉത്തരവിട്ടതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണം കടുക്കുന്നു. സ്ഥാപനം സംരക്ഷിക്കുമെന്ന് കോഴിക്കോട്ടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വാഗ്ദാനം ചെയ്തിരുന്നെങ്കിലും സ്ഥാപനം കൈമാറിയ വിവരം തൊഴിലാളി സംഘടകള്‍ പോലും അറിഞ്ഞില്ല. സര്‍ക്കാര്‍ ബോധപൂര്‍വം വീഴ്ച വരുത്തിയെന്ന ആക്ഷേപങ്ങള്‍ക്ക് പിന്നാലെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ വ്യവസായ വകുപ്പ് തീരുമാനിച്ചു.

മുന്നൂറു കോടിയോളം ആസ്തി വിലമതിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സാണ് കഴിഞ്ഞ ദിവസം ചത്തീസ്ഗഡ് ഔട്ട് സോഴ്സ് സര്‍വീസെന്ന സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ നാഷണല്‍ കമ്പനി ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ കോപ്ലക്സ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ചുളുവിലയ്ക്ക് സ്വകാര്യകമ്പനിക്ക് നല്‍കുന്നത്. 2013 ല്‍ കനാറാ ബാങ്കില്‍ നിന്നെടുത്ത 45 കോടി രൂപ വായ്പാ തിരിച്ചടവ് മുടങ്ങിയതാണ് ഈ കൈമാറ്റത്തിന്റഎ കാരണം. കുടിശ്ശിക തുടര്‍ച്ചയായി അടയ്ക്കാതെ വന്നപ്പോള്‍ ബാങ്ക് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.

ഒടുവില്‍ മുപ്പത് കോടിയോളം രൂപ നല്‍കാമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ സ്ഥാപനം സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേസുമായി ബന്ധപ്പെട്ട വിസ്താരം പലതവണ നടന്നിട്ടും വായ്പ തിരിച്ചടയ്ക്കാന്‍ കമ്പനി നടത്തിപ്പുകാരായ കേരള സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമാണ് ആരോപണം. സ്ഥാപനം സംരക്ഷിക്കുമെന്ന കോഴിക്കോട്ടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എളമരം കരീമിന്റെ വാഗ്ദാനം നിലനില്‍ക്കെയാണ് തൊഴിലാളി സംഘടകള്‍ പോലും അറിയാതെയുള്ള കൈമാറ്റ ഉത്തരവ്.

തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വ്യവസ്ഥകള്‍ പാലിക്കാതെയാണ് സ്ഥാപനത്തിന്റഎ ഭൂമി കടബാധ്യതിയില്‍ ഉള്‍പ്പെടുത്തിയത്.സംസ്ഥാന സര്‍ക്കാരിന്റഎ വാദം കേള്‍ക്കാതെയാണ് വിധി. പ്രശ്നപരിഹാരത്തിനായി കനറാ ബാങ്കുമായി മൂന്നു തവണ യോഗം ചേര്‍ന്നിരുന്നെന്നും സംയുക്ത സംരഭത്തെ സംരക്ഷിക്കാന്‍ കേന്ദ്ര സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ താല്‍പര്യം കാണിച്ചില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം കേരളത്തിന്‍റെ പൊതുമേഖലാ സ്ഥാപനമായ ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സ് സ്വകാര്യ കമ്പനിയില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊളളണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു. സ്റ്റീല്‍ കോംപ്ലക്സ് സ്വകാര്യ കമ്പനിയുടെ കയ്യിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്‍റെ കുറ്റകരമായ അനാസ്ഥമൂലമാണ്. 2022 നവംബർ 24ന് ലോ ട്രൈബൂണലിനോട് 107 കോടി അടക്കാന്‍ 7 ദിവസത്തെ സാവകാശം ചോദിച്ച സംസ്ഥാന സര്‍ക്കാര്‍ ഇക്കാലമത്രയും എന്തെടുക്കുകയായിരുന്നു. 2016ല്‍ അടച്ച സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തി തീരുമാനിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിറക്കി നടപ്പാക്കുന്നതില്‍ ആരാണ് പിന്നില്‍ നിന്ന് കുത്തിയതെന്ന് മുഖ്യമന്ത്രി മറുപടി പറയണം.അസംസ്കൃത വസ്തുക്കള്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ നല്‍കുമെന്ന ഉറപ്പിന്‍മേല്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട് എന്തുകൊണ്ട് ഫാക്ടറി തുറന്നു പ്രവര്‍ത്തിച്ചില്ല.വ്യവസായങ്ങളുടെ ശവപ്പറമ്പാക്കാന്‍ കോഴിക്കോടിനെ ആനുവദിക്കില്ലെന്നും തൊഴിലാളികളേയും,തൊഴില്‍ ശാലയേയും സംരക്ഷിക്കാന്‍ ശക്തമായ പോരാട്ടത്തിന് ബിജെപി തയ്യാറാവുമെന്നും വി.കെ.സജീവന്‍ കൂട്ടിച്ചേര്‍ത്തു.


Reporter
the authorReporter

Leave a Reply