LatestPolitics

എയിംസ് കോഴിക്കോട് അനുവദിക്കണം;പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി

Nano News

ദില്ലി: സംസ്ഥാനം നേരിടുന്ന ഗൗരവ വിഷയങ്ങളിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. സംസ്ഥാനത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിരത തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഏറ്റവും പ്രധാനമായി ഉന്നയിച്ചത്, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (NDRF) നിന്ന് 2,221.03 കോടി രൂപ ഗ്രാന്റായി അനുവദിക്കണമെന്ന ആവശ്യമാണ്. ഈ തുക വായ്പയായി കണക്കാക്കാതെ, ദുരിതാശ്വാസത്തിനും പുനർനിർമ്മാണത്തിനുമായുള്ള ഗ്രാന്റായി പരിഗണിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കൂടാതെ, കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയിൽ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനും പ്രധാനമന്ത്രിയുടെ പിന്തുണയും തേടി.

ഐ.ജി.എസ്.ടി. (IGST) റിക്കവറി തുക തിരികെ നൽകുന്ന വിഷയം, ദേശീയപാത ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കുന്നതിന് പ്രത്യേക പരിഗണന നൽകേണ്ടത്, കോഴിക്കോട് കിനാലൂരിൽ കണ്ടെത്തിയ സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നതിനുള്ള അനുമതി നൽകേണ്ടതിൻ്റെ പ്രാധാന്യം, സംസ്ഥാനത്ത് ഒരു സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ (SPA) സ്ഥാപിക്കൽ, കുടിശ്ശികയാക്കിയ നെല്ല് സംഭരണ സബ്സിഡി ഉടൻ അനുവദിക്കുന്ന കാര്യം എന്നിങ്ങനെയുള്ള വിഷയങ്ങളും ചർച്ചയായി.


Reporter
the authorReporter

Leave a Reply