മുസ്‌ലിം ലീഗിലേക്ക് പോവുന്നുവെന്ന വാര്‍ത്തളോട് പ്രതികരിച്ച് മുന്‍ മന്ത്രിയും ഐഎന്‍എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവില്‍. ഇടതു മുന്നണിയില്‍ നിന്ന് പോകില്ലെന്നും തനിക്ക് മുസ്‌ലിം ലീഗിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. അഹമ്മദ് ദേവര്‍കോവിലിനെ മുസ്‌ലിം ലീഗിലേക്ക് എത്തിക്കാന്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തന്നെ വ്യക്തിപരമായി വേട്ടയാടാന്‍ സകല ഹീനമാര്‍ഗവും പ്രയോഗിച്ചുവരുന്ന ചിലരുടെ ഏറ്റവും പുതിയ കുതന്ത്രമാണ് ഈ വാര്‍ത്തയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഒരു സാഹചര്യത്തിലും ഇടതുപക്ഷ മുന്നണിക്ക് പുറത്തുപോകണമെന്ന ചിന്ത ഉണ്ടായിട്ടില്ലെന്നും മുസ്‌ലിം ലീഗുമായി ഒരു തരത്തിലുള്ള ബന്ധവും ആഗ്രഹിക്കുന്നില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. ലീഗ് മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവരുമായി ബന്ധപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഹമ്മദ് ദേവര്‍കോവില്‍ മുസ്‌ലിം ലീഗിലേക്ക് പോവുകയാണെന്നും ഇത് സംബന്ധിച്ച് കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, കെ.എം. ഷാജി എന്നിവരടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയെന്നുമാണ് വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ കെ.എം ഷാജിയുമായി അടുത്ത ബന്ധമില്ലെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മുസ്‌ലിം ലീഗിന് അകത്തുള്ള പ്രശ്‌നങ്ങള്‍ വഴി തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.