കോഴിക്കോട്: ഭാരത സൈന്യത്തെ കൂടുതൽ യുവത്വമാക്കാനുള്ള നരേന്ദ്രമോദി സർക്കാരിൻ്റെ പദ്ധതിയായ അഗ്നിപഥിനെതിരെ കുപ്രചരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യൻ സൈന്യം യുവത്വവൽക്കരിപ്പെടേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. തൊഴിലില്ലായ്മക്കെതിരെ സമരം ചെയ്യുന്ന യുവജസംഘടനകൾ കേന്ദ്രസർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമ്പോൾ അതിനെതിരെ സമരം ചെയ്യുന്നത് വഞ്ചനയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഈ പദ്ധതിയെ ട്രേഡ് യൂണിയൻ കണ്ണിലൂടെയാണ് കോൺഗ്രസും സിപിഎമ്മും കാണുന്നത്. എന്നാൽ രാജ്യത്തിനായി സന്നദ്ധ സേവനത്തിനിറങ്ങുന്ന യുവാക്കളെ വാർത്തെടുക്കുകയാണ് കേന്ദ്രസർക്കാർ. സൈന്യം എന്നത് സമർപ്പിത മനോഭാവത്തോടെ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവരാണെന്നും കൂലിതൊഴിലാളികൾ അല്ലെന്നും ഇടതുപക്ഷവും കോൺഗ്രസും മനസിലാക്കണം.
ട്രെയിനും ബസും കത്തിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നവർക്ക് മുമ്പിൽ മോദി സർക്കാർ മുട്ടുമടക്കുകയില്ല. രാജ്യസ്നേഹവും മികച്ച ശാരീരികക്ഷമതയുമുള്ള യുവതലമുറയെ വാർത്തെടുക്കാനുള്ള മോദി സർക്കാരിൻ്റെ ലക്ഷ്യം തടയാനാണ് രാഷ്ട്രവിരുദ്ധർ ശ്രമിക്കുന്നത്. ഇത് വിലപ്പോവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.