Wednesday, December 4, 2024
Latest

കൂളിമാട് പാലത്തിൻ്റെ തകർച്ചയിൽ യുഎൽസിസിക്ക് താക്കീത്, രണ്ട് പൊതുമരാമത്ത് എഞ്ചിനീയർമാർക്ക് സസ്പെൻഷൻ


കോഴിക്കോട്: ചാലിയാറിന് കുറുകെയുള്ള കൂളിമാട് പാലം തകർന്ന സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദ്ദേശിച്ചു.  പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കുമെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം നൽകിയത്. പാലം തകർച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി റിയാസ് നിര്‍ദ്ദേശം നല്‍കിയത്.

പാലത്തിൻ്റെ നിർമാണ ചുമതലയുണ്ടായിരുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കര്‍ശന താക്കീത് നൽകാനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മേലില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകണം. ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷമേ നിര്‍മാണങ്ങൾ നടത്താവൂ എന്നും ഊരാളുങ്കലിനോട് നിർദേശിച്ചു. പാലം തകർച്ചയുമായി ബന്ധപ്പെട്ട് PWD വിജിലൻസ് ആദ്യം സമർപ്പിച്ച റിപ്പോർട്ട് മന്ത്രി തിരിച്ചയച്ചിരുന്നു.

പാലം നിർമ്മാണം നടക്കുന്ന സൈറ്റിൽ നിരീക്ഷണവും പരിശോധനയും നടത്തേണ്ട ചുമതല അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ആയിരുന്നു. എന്നാൽ അപകടസമയത്ത് ഈ ഉദ്യോഗസ്ഥൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നു. ഇദ്ദേഹത്തിന് പകരം ആരെയാണ് നിർമ്മാണം നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയത് എന്ന ചോദ്യത്തിന് കൃത്യമായ വിശദീകരണം നൽകാൻ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് സാധിച്ചില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. താൻ സൈറ്റിലുണ്ടായിരുന്നുവെന്ന് പറഞ്ഞ അസി.എകിസ്യൂട്ടീവ് എഞ്ചീനിയർ പക്ഷേ അപകടം നടക്കുന്നത് കണ്ടില്ലെന്ന് കൂടി മൊഴി നൽകിയിരുന്നു. ഇതാണ് ഇദ്ദേഹത്തിനെതിരായ നടപടിക്ക് കാരണം.

സംസ്ഥാന സർക്കാരിന് വേണ്ടി നിർണായകമായ അസംഖ്യം പദ്ധതികൾ നടപ്പാക്കുകയും സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കി അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്ത് ഊരാളുങ്കൽ ലേബർ കോർപ്പറേഷന് ഇതാദ്യമായാണ് ഒരു കർശന താക്കീത് സർക്കാരിൽ നിന്നുണ്ടാവുന്നത്. മേലിൽ ഇത്തരം വീഴ്ചകളുണ്ടാവരുതെന്നും നിർമ്മാണ സമയത്ത് സുരക്ഷക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും ഊരാളുങ്കല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Reporter
the authorReporter

Leave a Reply