General

നടൻ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി


തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. ‘അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി അടക്കം ഹിറ്റ് സീരിയലുകളിൽ അഭിനയിച്ച താരമാണ്. സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് വിവരം.

നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നു. ഇതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചിരുന്നു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. മുറിക്കുള്ളിൽ ഫൊറൻസിക് സംഘം പരിശോധന നടത്തുമെന്നും കൻ്റോൺമെൻ്റ് എസിപി അറിയിച്ചു. എന്താണ് മരണ കാരണമെന്നത് പോസ്റ്റ്‌മോർട്ടം പരിശോധനയിലേ വ്യക്തമാകൂ.


Reporter
the authorReporter

Leave a Reply