കോഴിക്കോട്: മയക്കുമരുന്ന് കേസിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ. തിരുവണ്ണൂർ കോട്ടൺമിൽ സ്വദേശി കോഴിപ്പുറം പറമ്പ് നാസ് വീട്ടിൽ മുഹമ്മദ് നജി (27 ) യെയാണ് വിദേശത്തു നിന്നും വരുന്നതിനിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ വെച്ച് കസബ പൊലീസ് പിടികൂടിയത്. 2022 ഓഗസ്റ്റിൽ കാക്കഞ്ചേരി പള്ളിക്കൽ ബസാർ സ്വദേശി ഷക്കീർ ഹർഷാദിൽ നിന്ന് പൊലീസ് മയക്കുമരുന്ന് പിടികൂടിയിരുന്നു. മുതലക്കുളത്ത് വെച്ചും ഇയാളുടെ മലപ്പുറത്തുള്ള വാടക വീട്ടിൽ നിന്നുമായി വിൽപനയ്ക്കായി സൂക്ഷിച്ച 211 ഗ്രാം എംഡിഎംഎയും എൽഎസ്ഡി, ഹാഷിഷ് എന്നിവയുമാണ് കസബ പൊലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും വിദേശത്തുള്ള മുഹമ്മദ് നജി മുഖേനയാണ് മയക്കുമരുന്ന് ലഭിക്കുന്നതെന്ന് വ്യക്തമായി. മുഹമ്മദ് നജിയുടെ നിർദ്ദേശപ്രകാരമാണ് ഷക്കീർ ഹർഷാദ് മയക്കുമരുന്ന് കച്ചവടം നടത്തുന്നതെന്നും സാമ്പത്തിക ഇടപാടിലും പ്രതി പങ്കാളിയായിരുന്നുവെന്നും പൊലീസിന് വ്യക്തമായി. തുടർന്ന് ഈ സമയത്ത് വിദേശത്തായിരുന്ന മുഹമ്മദ് നജിക്കെതിരെ കസബ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. കേസിൽ ഉൾപ്പെട്ടുവെന്ന് മനസിലാക്കിയ പ്രതി നാട്ടിലേക്ക് വരാതെ വിദേശത്ത് തുടരുകയായിരുന്നു. തുടർന്ന് നാല് വർഷങ്ങൾക്ക് ശേഷം ഹൈദരാബാദ് രാജീവ് ഗാന്ധി എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ കസബ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിക്കെതിരെ മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും കസബ സ്റ്റേഷനിൽ എംഡിഎംഎ കൈവശം വെച്ചതിനും കേസുകൾ നിലവിലുണ്ട്. ഈ കേസിൽ വിചാരണ തടവുകാരനായിരിക്കെ ജാമ്യം ലഭിച്ചശേഷം കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് കടന്ന പ്രതി അവിടെ നിന്നുകൊണ്ട് നാട്ടിൽ മയക്കുമരുന്ന് ഇടപാടിൽ പ്രവർത്തിക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഷക്കീൽ ഹർഷാദിന് അമ്പത് വർഷം തടവും അഞ്ച് ലക്ഷം പിഴയും കോടതി വിധിച്ചിട്ടുണ്ട്. കസബ പൊലീസ് സബ് ഇൻസ്പെക്ടർ നിമിഷൻ കെ ദിവാകരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രെജു, സിവിൽ പൊലീസ് ഓഫീസർ വിപിൻരാജ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.










