Thursday, September 19, 2024
Local News

ഇലക്ഷന്‍ സ്‌പെഷല്‍ ഡ്രൈവ് പരിശോധനയില്‍ ചാരായവും വാറ്റുപകരണവുമായി ഒരാള്‍ അറസ്റ്റില്‍


ഇലക്ഷന്‍ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നൂറാട് റേഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ചാരായവും വാറ്റുപകരണങ്ങളുമായി അറുപത്തഞ്ചുകാരന്‍ അറസ്റ്റില്‍. മാവേലിക്കര അറുനൂറ്റിമംഗലം കോട്ടക്കാട്ട് വിളയില്‍ കാര്‍ത്തികേയന്റെ (65 ) വീട്ടില്‍ നിന്നാണ് ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

നൂറനാട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ജയപ്രസാദിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫിസര്‍ ബി. സുനില്‍കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എന്‍. സതീശന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ യു. അനു, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ ബി. വിജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. അതേസമയം, തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കളും പിടിയിലായി.

കര്‍ണാടക സ്വദേശികളായ ഉമ്മര്‍ ഫാറൂഖ്, സിദ്ധിഖ് എ എച്ച് എന്നിവരെയാണ് എംഡിഎംഎയുമായി അറസ്റ്റ് ചെയ്തതെന്ന് എക്സൈസ് അറിയിച്ചു. ബംഗളൂരുവില്‍ നിന്ന് കൊണ്ടുവരുകയായിരുന്ന എംഡിഎംഎ മലപ്പുറത്ത് എത്തിക്കാനായിരുന്നു പ്രതികള്‍ക്ക് കിട്ടിയ നിര്‍ദേശം. ഇവരുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായും എക്സൈസ് പറഞ്ഞു.

മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ പ്രജിത്തിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയര്‍ കാറും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. തെരഞ്ഞെടുപ്പ് സ്‌ക്വാഡിലെ ഓഫിസറായ ജൂനിയര്‍ സൂപ്രണ്ട് ഷാജി പരിശോധനയില്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply