ChramamLatest

ജനലക്ഷങ്ങളുടെ കണ്ണീർപ്പൂക്കളാൽ അന്ത്യാഭിവാദനം;രമേശൻ പാലേരിക്കു വികാരതീവ്രമായ അന്ത്യയാത്ര

Nano News

കോഴിക്കോട്:ജനലക്ഷങ്ങളുടെ കണ്ണീർപ്പൂക്കൾ ഏറ്റുവാങ്ങി ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ചരിത്രത്തിലേക്കു യാത്രയായി. പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മുൻ‌മന്ത്രിമാരായ ഡോ. ടി. എം. തോമസ് ഐസക്ക്, ബിനോയ് വിശ്വം , എ. കെ. ബാലൻ, ടി. പി. രാമകൃഷ്ണൻ, പി. എ. മുഹമ്മദ് റിയാസ്, കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സാദിക്ക് അലി ശിഹാബ് തങ്ങൾ, സിപി‌ഐ ജില്ലാ സെക്രട്ടറി അഡ്വ.പി ഗവാസ്, മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു, വിവിധ രാഷ്ട്രീയപ്പാർട്ടിനേതാക്കൾ, ജനപ്രതിനിധികൾ, സാംസ്ക്കാരിക-സാമൂഹികപ്രവർത്തകർ, തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ നാനാമണ്ഡലങ്ങളിലുമുള്ളവർ അന്തിമോപചാരം അർപ്പിച്ചു. വീട്ടുവളപ്പിൽ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംസ്ക്കാരം.

പുലരും‌മുമ്പുതന്നെ എല്ലാ നാട്ടുവഴികളും തങ്ങളുടെ പ്രിയപ്പെട്ട രമേശേട്ടന്റെ വസതിയായ പാലേരിയിലേക്ക് ഒഴുകിത്തുടങ്ങിയിരുന്നു. തലേന്ന് കോഴിക്കോട്ടും വടകരയിലും പൊതുദർശനത്തിനു വച്ചപ്പോഴും നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. ഓരോരുത്തർക്കും സവിശേഷമായ അനുഭവങ്ങളും ഓർമ്മകളും സമ്മാനിച്ച മനുഷ്യസ്നേഹിയായ സഹകാരിയുടെ അന്ത്യദർശനം വൈകാരികമായ നിരവധി രംഗങ്ങൾക്കു സാക്ഷ്യം വഹിച്ചു.

പരേതൻ അംഗമായ ആത്മവിദ്യാസംഘത്തിന്റെ പ്രാർത്ഥനയെ തുടർന്ന് ഭാര്യ ശോഭയുടെയും മറ്റു കുടുംബാംഗങ്ങളുടെയും പുഷ്പാർച്ചനയ്ക്കുശേഷം മക്കളായ അശ്വിൻ, രമിൻ എന്നിവർ ചേർന്നു ചിതയ്ക്കു തീ കൊളുത്തി. എം‌എൽ‌എമാരായ കെ. കെ. രമ, പാറയ്ക്കൽ അബ്ദുള്ള, വനിതാക്കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി, മുൻ എം‌എൽ‌എമാരായ എ. പ്രദീപ് കുമാർ, കുഞ്ഞമ്മദുകുട്ടി, കേരള ബാങ്ക് പ്രസിഡന്റ് പി. മോഹനൻ മാഷ്, എൻ‌സിപി പ്രതിനിധി പി. സത്യനാഥൻ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, മുസ്ലിം ലീഗ് നേതാവ് പി. പി. ജാഫർ, ആർജെഡി നേതാവ് മനയത്ത് ചന്ദ്രൻ, ആർ‌എം‌പി സംസ്ഥാനസെക്രട്ടറി എൻ. വേണു, തുടങ്ങി നിരവധി പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.

സംസ്ക്കാരത്തെത്തുടർന്നു കെ. കെ. രമ എം‌എൽ‌എയുടെ അദ്ധ്യക്ഷതയിൽ സർവ്വകക്ഷിയോഗം ചേർന്നു. വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എം. സത്യൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. കേരളത്തിന്റെ സഹകരണമേഖലയുടെയും തൊഴിലാളികളുടെയും അന്തസ്സും പെരുമയും ലോകത്തോളം വളർത്തിയ സമർപ്പിതചേതസ്സായ സഹകാരിയാണ് രമേശൻ പാലേരിയെന്ന് പ്രമേയത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ കർമ്മമേഖലകൾ അനുസ്മരിച്ച പ്രമേയം ആ സവിശേഷവ്യക്തിത്വത്തിന്റെ മാനുഷികഭാവം ഇങ്ങനെ രേഖപ്പെടുത്തി: “അശരണരും ശാരീരികവെല്ലുവിളികൾ നേരിടുന്നവരും വാർദ്ധക്യത്തിന്റെ അവശതകൾ അനുഭവിക്കുന്നവരും മാരകരോഗങ്ങളാൽ കിടപ്പിലായവരും ആ സ്നേഹത്തണലിൽ സാന്ത്വനത്തിന്റെയും പ്രതീക്ഷയുടെയും ലോകത്തേക്കു ചുവടുവച്ചു.”

സഹകരണമേഖലയ്ക്കു പുതിയ ദിശാബോധവും വീക്ഷണവും ഊരാളുങ്കൽ സൊസൈറ്റിക്കു നല്കിയത് രമേശന്റെ നേതൃത്വമാണെന്നും ഇന്നത്തെ നിലയിലേക്കു സൊസസൈറ്റി ഉയർന്നുവരാൻ കാരണം അദ്ദേഹം കാട്ടിക്കൊടുത്ത വേറിട്ട വഴികളാണെന്നും എൽഡി‌എഫ് കൺ‌വീനറും മുൻ മന്ത്രിയുമായ ടി. പി. രാമകൃഷ്ണൻ പറഞ്ഞു. രാജ്യത്തെ സഹകരണപ്രസ്ഥാനത്തിന് അതികായനായ രക്ഷകർത്താവിനെയും ക്രാന്തദർശിയായ വഴികാട്ടിയെയുമാണു നഷ്ടമായതെന്ന് സിപി‌ഐ അസി. സെക്രട്ടറി സത്യൻ മൊകേരി അനുസ്മരിച്ചു.

 

വനിതാക്കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി, കേരള ബാങ്ക് പ്രസിഡന്റ് പി. മോഹനൻ, ലേബർ ഫെഡ് ചെയർമാൻ എ. സി. മാത്യു, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, സിപി‌ഐ(എം) ജില്ലാസെക്രട്ടറി എം. മെഹബൂബ്, ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ. ദിലീപ് കുമാർ, ആർജെഡി നേതാവ് മനയത്ത് ചന്ദ്രൻ, ആർ‌എം‌പി‌ഐ സംസ്ഥാനസെക്രട്ടറി എൻ. വേണു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പറമ്പത്ത് പ്രഭാകരൻ, സിപി‌ഐ(എം) ഒഞ്ചിയം ഏരിയ സെക്രട്ടറി ടി. പി. ബിനീഷ്, കോൺഗ്രസ് എസ് മണ്ഡലം പ്രസിഡന്റ് പി. സോമശേഖരൻ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി, പി. പി. ജാഫർ, എൻസിപി മണ്ഡലം പ്രസിഡന്റ് പി. സത്യനാഥൻ, മുൻ എം‌എൽ‌എ എ. പ്രദീപ് കുമാർ, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെജിന കൊടക്കാട്ട്, അഡ്വ. ലതിക ശ്രീനിവാസൻ, ഒഞ്ചിയം പഞ്ചായത്ത് അംഗങ്ങളായ അനിൽ കുമാർ, ബിന്ദു വള്ളിൽ, ആത്മവിദ്യാസംഘം പ്രസിഡന്റ് പി .വി. കുമാരൻ മാസ്റ്റർ, എസ്ഡിപിഐ നേതാവ് ഷംസീർ ചോമ്പാല, യുഎൽസിസിഎസ് വൈസ്- ചെയർമാൻ എം എം സുരേന്ദ്രൻ എന്നിവർ രമേശൻ പാലേരിയെ അനുസ്മരിച്ചു.


Reporter
the authorReporter

Leave a Reply

error: Content is protected !!