Sunday, January 19, 2025
Local News

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മുഖത്ത് ബ്ലെയിഡ് കൊണ്ട് വരഞ്ഞ് സഹപാഠി


വിദ്യാര്‍ഥിനിയുടെ മുഖത്ത് ബ്ലെയിഡ് കൊണ്ടുവരഞ്ഞ് സഹപാഠി. ചോറ്റുപാത്രത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മുഖത്ത് ബ്ലെയിഡ് കൊണ്ട് വരഞ്ഞത്. ഡല്‍ഹിയിലെ ഗുലാബി ബാഗ് ഏരിയയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ക്രൂരമായ ആക്രമണം. ബ്ലെയിഡ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 14 കാരിയുടെ മുഖത്ത് 17 തുന്നലിടേണ്ടി വന്നതായി മാതാപിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖത്താകെ മുറിവേറ്റ പെണ്‍കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഏപ്രില്‍ 29നാണ് സംഭവം. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ- വിദ്യാര്‍ഥിനിയും സഹപാഠികളും ഉച്ചഭക്ഷണം കഴിക്കുന്നതിനായി തയ്യാറെടുക്കുകയായിരുന്നു. ഇതിനിടയില്‍ ചില പെണ്‍കുട്ടികള്‍ വന്ന് പരുക്കേറ്റ വിദ്യാര്‍ഥിനിയുടെ സുഹൃത്തിന്റെ ഭക്ഷണം തട്ടിയെടുത്ത് ഓടിപ്പോയി. ഭക്ഷണപാത്രം തിരികെ ചോദിച്ചെങ്കിലും അവര്‍ കൊടുത്തില്ല, തിരിച്ച് അധിക്ഷേപിക്കാന്‍ തുടങ്ങി. വഴക്ക് കണ്ട് പ്രശ്‌നം പരിഹരിക്കാനെത്തിയപ്പോഴാണ് സഹപാഠികള്‍ ആക്രമിച്ചതെന്ന് വിദ്യാര്‍ഥിനി പൊലിസിനോട് പറഞ്ഞു.

വാക്കേറ്റത്തിനിടെ സഹപാഠിയായ ഒരു കുട്ടി പെട്ടന്ന് ബ്ലെയിഡ് ഉപയോഗിച്ച് മുഖത്ത് വരയുകയായിരുന്നു. മുറിവേറ്റ് ചോര വാര്‍ന്നിട്ടും ആരും മകളെ ആശുപത്രിയിലെത്തിക്കാന്‍ ആദ്യം ശ്രമിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. ‘മകളുടെ മുഖത്ത് 17 തുന്നലുകള്‍ ഇട്ടിട്ടുണ്ട്. അവളുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. ആക്രമണത്തിന് ശേഷം അവളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ആരും സഹായിച്ചില്ല’- വിദ്യാര്‍ത്ഥിനിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

മകളെ ആക്രമിച്ച വിദ്യാര്‍ഥിനിയെ സംരക്ഷിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കുന്നതെന്നും കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി വേണമെന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. വിഡിയോയില്‍ കാണുന്നവരെല്ലാം പ്രായപൂര്‍ത്തി ആകാത്തവരായതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് . സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും വ്യക്തമാക്കി.


Reporter
the authorReporter

Leave a Reply