Sunday, November 24, 2024
Latest

ഒളവണ്ണയിലെ നീർത്തടങ്ങൾക്ക് സംരക്ഷണമേകാൻ നീരുറവ്


കോഴിക്കോട്:ണ്ണ്, ജല സംരക്ഷണത്തിനായി സർക്കാർ ആവിഷ്‌കരിച്ച നീരുറവ് നീർത്തട പദ്ധതി ജനകീയമാക്കാനൊരുങ്ങി ഒളവണ്ണ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നീർത്തട നടത്തമുൾപ്പെടെ വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചു നടപ്പാക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിൽ സമഗ്ര നീർത്തട വികസന പദ്ധതി നടപ്പാക്കുക

പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ എട്ട് നീർത്തടങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ നീർത്തടങ്ങൾ നീരുറവ് പദ്ധതിയിലൂടെ സംരക്ഷിക്കുക എന്നതാണ് ലക്‌ഷ്യം. ഗ്രാമ പഞ്ചായത്തിലെ നീർത്തട ശൃംഖലകള്‍ കണ്ടെത്തി ഓരോ നീർത്തടങ്ങളിലും അവയുടെ വൃഷ്ടി പ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികള്‍ ഉള്‍പ്പെടുന്ന സമഗ്രമായ പദ്ധതിയാണിത്. ഹരിത കേരള മിഷനും, തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക.

മണ്ണ്, ജല സംരക്ഷണത്തിനൊപ്പം ജൈവസമ്പത്ത് വര്‍ദ്ധിപ്പിച്ച് കാര്‍ഷികാഭിവൃദ്ധിയും ജനങ്ങളുടെ ഉപജീവന സ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തോടിന്റെ നീരൊഴുക്ക് സാധ്യമാക്കുന്ന പ്രവര്‍ത്തനം, മലിനീകരണം തടയല്‍, പ്രദേശത്തെ വീടുകളിലെ കിണര്‍ റീച്ചാര്‍ജിംഗ്, മാലിന്യ സംസ്‌കരണം, ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കല്‍ തുടങ്ങിയവയും നീരുറവിലൂടെ യാഥാര്‍ത്ഥ്യമാകും. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നീരുറവ് പദ്ധതി നടപ്പാക്കുന്നത്.

നീർത്തടങ്ങളെകുറിച്ചു കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി സംഘടിപ്പിച്ച നീർത്തട നടത്തം വൻ വിജയമായി. കൈമ്പാല നീർത്തടത്തിലൂടെ നടന്ന നടത്തം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ വിനോദ്, ധനേഷ്, ജയദേവൻ, സതീഭായി എന്നിവർ പങ്കെടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സിന്ധു സ്വാഗതവും വാർഡ് മെമ്പർ ഷിനി ഹരിദാസ് നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply