മധുര: സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ- നിയമ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച മധുരയിലെ തിരുപ്പറകുൺറം കുന്നിൻ മുകളിലെ വിവാദ ശിലാസ്തംഭത്തിൽ (‘കൽത്തൂൺ’) ഇത്തവണയും കാർത്തിക ദീപം തെളിയിച്ചില്ല. കുന്നിലെ ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പതിവ് ‘ദീപ മണ്ഡപത്തിൽ’ തന്നെയാണ് ഇന്നു വൈകിട്ട് വിശുദ്ധ ദീപം തെളിയിച്ചത്. കൽത്തൂണിൽ തന്നെ കാർത്തിക ദീപം തെളിയിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകൾ രംഗത്തെത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. സുപ്രീംകോടതിയുടെ നിർദേശപ്രകാരം കൽത്തൂണിൽ ദീപം തെളിയിക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. ഇതേത്തുടർന്ന് തിരുപ്പറകുൺറം മലയുടെ പരിസരത്ത് ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.
കുന്നിൻ മുകളിലെ സിക്കന്ദർ ബാദുഷ ദർഗയ്ക്ക് സമീപമുള്ള പുരാതന ശിലാസ്തംഭത്തിൽ ഒരു തവണ ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ഇത് നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചും തമിഴ്‌നാട് സർക്കാരിന് നിർദേശം നൽകി. എന്നാൽ, ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കനത്ത പൊലീസ് സുരക്ഷയും നിരോധനാജ്ഞയും ഏർപ്പെടുത്തിയ ഭരണകൂടം ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ അനുവദിച്ചില്ല.
ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് മധുരയിലേക്ക് പോകാൻ ശ്രമിച്ച ബി ജെ പി നേതാക്കളെയും ഹിന്ദു സംഘടനാ പ്രവർത്തകരെയും തമിഴ്‌നാട് പൊലീസ് വ്യാപകമായി തടയുകയും കരുതൽ തടങ്കലിലാക്കുകയും ചെയ്തു. തമിഴ്‌നാട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ എൽ മുരുകൻ, മുൻ ഗവർണറും മുതിർന്ന ബി ജെ പി നേതാവുമായ ഡോ. തമിഴിസൈ സൗന്ദരരാജൻ, ഹിന്ദു മുന്നണി നേതാവ് കാടേശ്വര സുബ്രഹ്മണ്യം, ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് എന്നിവരെയെല്ലാം പൊലീസ് തടഞ്ഞ് കരുതൽ തടങ്കലിലാക്കിയിരുന്നു. ബുധനാഴ്ച രാവിലെ 10 മണി വരെയാണ് മധുരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, തിരുപ്പറകുൺറം സംഘർഷാവസ്ഥക്കിടെ നിരോധനാജ്ഞയുടെ പേരിൽ നിയമവിരുദ്ധമായി തടങ്കലിലാക്കിയ എല്ലാവരെയും ഉടൻ വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിറക്കി. കാർത്തിക ദീപവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് ജില്ലാ കലക്ടർ, പൊലീസ് കമീഷണർ, ക്ഷേത്ര അധികാരികൾ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട എല്ലാ അധികാരികളും പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 2025 ഡിസംബർ 1-ന് ഹൈക്കോടതി സിംഗിൾ ജഡ്ജി ശിലാസ്തംഭത്തിൽ വിളക്ക് തെളിയിക്കാൻ അനുമതി നൽകിയത് മുതൽ തമിഴ്‌നാട് സർക്കാരും ക്ഷേത്ര മാനേജ്മെന്റും ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബദുഷ അവുലിയ ദർഗയും ഇതിനെതിരെ നിയമപോരാട്ടത്തിലായിരുന്നു.

