• Home  
  • റീസൈക്കിള്‍ഡ് പേപ്പറില്‍ തുടങ്ങിയ പരിസ്ഥിതി പ്രണയം;  ഏഴാം വയസില്‍ റൂഹിക്ക് ഉജ്ജല ബാല്യം പുരസ്‌കാരം 
- Education - Latest

റീസൈക്കിള്‍ഡ് പേപ്പറില്‍ തുടങ്ങിയ പരിസ്ഥിതി പ്രണയം;  ഏഴാം വയസില്‍ റൂഹിക്ക് ഉജ്ജല ബാല്യം പുരസ്‌കാരം 

  കോഴിക്കോട്: ‘ഇന്ത്യയിലെ ഏറ്റവും മനോഹരമായ കേരളത്തിലെ കോഴിക്കോട്ടു നിന്നാണ് ഞാന്‍ വരുന്നത്…’ – ആറാം വയസ്സില്‍ ബാങ്കോക്കിലെ ഐക്യരാഷ്ട്രസഭ കോണ്‍ഫറന്‍സ് ഹാളിലിരുന്ന് ആറുവയസുകാരി ലോകത്തോട് ഇങ്ങനെ പറഞ്ഞു തുടങ്ങിയപ്പോള്‍ അന്ന് സദസ്സ് അമ്പരന്നു. ഭൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രി യീസാങ് ഡി താപ്പ അവളെ വിശേഷിപ്പിച്ചത് ‘ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തക’ എന്നാണ്. കേരള സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം ഏഴാം വയസില്‍ കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിനിയായ റൂഹി മൊഹ്സിബിനെ തേടിയെത്തുമ്പോള്‍, അത് […]

 

കോഴിക്കോട്: ‘ഇന്ത്യയിലെ ഏറ്റവും മനോഹരമായ കേരളത്തിലെ കോഴിക്കോട്ടു നിന്നാണ് ഞാന്‍ വരുന്നത്…’ – ആറാം വയസ്സില്‍ ബാങ്കോക്കിലെ ഐക്യരാഷ്ട്രസഭ കോണ്‍ഫറന്‍സ് ഹാളിലിരുന്ന് ആറുവയസുകാരി ലോകത്തോട് ഇങ്ങനെ പറഞ്ഞു തുടങ്ങിയപ്പോള്‍ അന്ന് സദസ്സ് അമ്പരന്നു. ഭൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രി യീസാങ് ഡി താപ്പ അവളെ വിശേഷിപ്പിച്ചത് ‘ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തക’ എന്നാണ്. കേരള സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം ഏഴാം വയസില്‍ കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിനിയായ റൂഹി മൊഹ്സിബിനെ തേടിയെത്തുമ്പോള്‍, അത് പ്രായത്തെ തോല്‍പ്പിക്കുന്ന നിശ്ചയദാര്‍ഢ്യത്തിനുള്ള അംഗീകാരം കൂടിയാണ്. റീസൈക്കിള്‍ഡ് പേപ്പറില്‍ തുടങ്ങിയ പരിസ്ഥിതി പ്രണയം. അവിടെ നിന്ന് ഐക്യരാഷ്ട്രസഭയുടെ വേദി കടന്ന് കേരള സര്‍ക്കാരിന്റെ ബാലപുരസ്‌കാരത്തിലെത്തി നില്‍ക്കുകയാണിന്ന്. 6 – 11 വയസ് കാറ്റഗറില്‍ ജനറല്‍ വിഭാഗത്തില്‍ പരിസ്ഥിതി പ്രവര്‍ത്തന മികവിനാണ് ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല്‍ ബാല്യം പുരസ്‌കാരം റൂഹിയെ തേടിയെത്തിയത്.

കിന്റര്‍ഗാര്‍ഡനില്‍ ആദ്യാക്ഷരം കുറിക്കാന്‍ എത്തിയപ്പോഴാണ് റൂഹിയുടെ മനസ്സില്‍ പ്രകൃതിസ്‌നേഹത്തിന്റെ വിത്ത് വീഴുന്നത്. സഹപാഠികളുടെ ബാഗില്‍ പുതുമണമുള്ള, മിനുസമുള്ള പുസ്തകങ്ങള്‍ കണ്ടപ്പോള്‍ തന്റെ പുസ്തകങ്ങള്‍ക്ക് എന്തുകൊണ്ട് ആ ഭംഗിയില്ലെന്ന് അവള്‍ മാതാപിതാക്കളായ അബ്ദുള്‍ ഖനിയോടും ഡോ. അനീസ മുഹമ്മദിനോടും ചോദിച്ചു.റീസൈക്കിള്‍ഡ് പേപ്പര്‍ കൊണ്ട് നിര്‍മ്മിച്ച പുസ്തകങ്ങളായിരുന്നു അവര്‍ മകള്‍ക്ക് വാങ്ങി നല്‍കിയിരുന്നത്. വലിച്ചുകീറുന്ന ഓരോ കടലാസിന് പിന്നിലും മുറിഞ്ഞുവീഴുന്ന മരങ്ങളുടെ കണ്ണുനീരുണ്ടെന്ന മാതാപിതാക്കളുടെ മറുപടി ആ കുരുന്നു മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു. അവിടെ നിന്നാണ് ‘റൂഹി’ എന്ന പരിസ്ഥിതി പോരാളിയുടെ ജനനം.

ഒരിക്കല്‍ പിതാവിന്റെ പാസ്പോര്‍ട്ടിലെ വെളുത്തു മിനുത്ത പേജുകള്‍ കണ്ടപ്പോള്‍ അവളുടെ ചിന്ത മറ്റൊന്നായിരുന്നു. ‘ഈ പേജുകള്‍ റീസൈക്കിള്‍ഡ് പേപ്പറിലാക്കിയാല്‍ എത്രയോ മരങ്ങളെ സംരക്ഷിക്കാം!’ തന്റെ കുഞ്ഞു കൈപ്പടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് ലോകരാഷ്ട്ര തലവന്മാര്‍ക്കും അവള്‍ ഇക്കാര്യം ആവശ്യപ്പെട്ട് കത്തുകളയച്ചു.

വയനാടിനെ നടുക്കിയ പുത്തുമല ദുരന്തഭൂമിയിലും ഈ കൊച്ചുമിടുക്കി എത്തി. മണ്ണിടിച്ചില്‍ തടയാന്‍ ആല്‍, നീര്‍മരുത്, താന്നി എന്നിവയുടെ തൈകള്‍ നട്ടുകൊണ്ടായിരുന്നു അവളുടെ ഇടപെടല്‍. ഇന്ന് ‘ട്രീ ബാങ്ക് നഴ്സറി’ എന്ന വലിയ സ്വപ്നത്തിന് പിന്നാലെയാണ് പാറോപ്പടി കോമണ്‍ ഗ്രൗണ്ട് ഇന്റര്‍നാഷണല്‍ അക്കാദമിയിലെ ഈ രണ്ടാം ക്ലാസ്സുകാരി. രാജ്യത്തെ തിരഞ്ഞെടുത്ത 10,000 സ്‌കൂളുകളില്‍ ട്രീ ബാങ്ക് നഴ്സറി നടപ്പാക്കുന്ന പ്രവര്‍ത്തിയിലാണ് അവളിപ്പോള്‍. നൂറോളം സ്‌കൂളുകളില്‍ പദ്ധതിക്ക് തുടക്കമായി. വിദ്യാര്‍ത്ഥികളുടെ കൈകളാല്‍ രാജ്യത്ത് ഒരു കോടി മരങ്ങള്‍ വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം.

മാവൂര്‍ ഗ്രാസിം ഫാക്ടറിക്കെതിരെ പോരാടി ജീവന്‍ വെടിഞ്ഞ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.എ. റഹ്‌മാന്റെ സ്മരണാര്‍ത്ഥമുള്ള പ്രഥമ അവാര്‍ഡും റൂഹിക്കായിരുന്നു. അതിനു പിന്നാലെയാണ് ഉജ്ജ്വല്‍ ബാല്യം പുരസ്‌കാരം തേടിയെത്തുന്നത്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.