LatestPolitics

കിനാലൂരിന് എയിംസ് നിഷേധിക്കാനുള്ള നീക്കം പ്രതിഷേധാർഹം: സി. പി.ഐ

Nano News

കോഴിക്കോട്: കിനാലൂരിന് എയിംസ് നിഷേധിക്കാനുള്ള ശ്രമങ്ങൾ അത്യന്തം പ്രതിഷേധകരമെന്നും എയിംസ് കോട്ടയം ജില്ലയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് നടക്കുന്നുവെന്ന വാർത്തകൾ ഗൗരവത്തോടെ കാണണമെന്നും സിപിഐ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപെടുന്നു.

എൽഡിഎഫ് സർക്കാർ കാലത്ത് എയിംസ് സ്ഥാപിക്കുന്നതിന് കിനാലൂരിൽ ഭൂമി കണ്ടെത്തിയതാണ്. ഇപ്പോള്‍ പുറത്തുവരുന്ന വാർത്തകൾ സന്തോഷപൂർവം ഭൂമി വിട്ടു നൽകിയ ജനങ്ങളോടുള്ള വെല്ലുവിളിയും കോഴിക്കോടിനോടുള്ള അവഗണനയുമാണ്.

എൽഡിഎഫ് സർക്കാർ ഇടപെടലിന്റെ ഫലമായിട്ടാണ് കേരളത്തിന് എയിംസ് അനുവദിക്കാമെന്നും യോജ്യമായ സ്ഥലം കണ്ടെത്തണമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് സംസ്ഥാനത്തെ അറിയിച്ചത്. ഇതിന്റെ ഭാഗമായി കിനാലൂർ, കാന്തലാട് വില്ലേജുകളിലെ 252 ഏക്കർ ഭൂമി സർക്കാർ കണ്ടെത്തി. എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള വ്യവസായ വികസന കോർപറേഷന്റെ കൈവശമുള്ള 151 ഏക്കർ സ്ഥലം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും സ്വകാര്യ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടയിലാണ് എയിംസ് കോഴിക്കോടിന് നഷ്ടമാവുന്ന തരത്തിൽ ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്ന് നീക്കങ്ങൾ ഉണ്ടായത്. ആലപ്പുഴയിലേക്ക് കൊണ്ടുപോകുമെന്ന പരസ്യ പ്രഖ്യാപനം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയിൽ നിന്നും ഉണ്ടായത് ആശങ്ക ഉണ്ടാക്കുമ്പോൾ തന്നെയാണിപ്പോൾ സംസ്ഥാന സർക്കാരും കോഴിക്കോടിനെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന വിവരം പുറത്ത് വരുന്നത്.

കോഴിക്കോട്ടുകാരനായ ആരോഗ്യമന്ത്രിയും, എം.പിയും എം എൽഎയും ഉൾപ്പെടെയുളളവർ മൗനം വെടിയണമെന്നും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ആവശ്യപ്പെട്ടു.
കിനാലൂരിന് എയിംസ് നിഷേധിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടിക്കെതിരെ സിപിഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. ആറിന് വൈകീട്ട് അഞ്ചിന് വട്ടോളി ബസാറിൽ നടക്കുന്ന പരിപാടി സിപിഐ ജില്ലാ എക്സി. അംഗം രജീന്ദ്രൻ കപ്പള്ളി ഉ്ദഘാടനം ചെയ്യും.


Reporter
the authorReporter

Leave a Reply

error: Content is protected !!