കോഴിക്കോട് മെഡിക്കൽ കോളേജ് വിപുലീകരിക്കുന്ന പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള അടിയന്തര ഇടപെടൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഡി പി എംഎസ് യു കോവിഡ് ബ്രിഗേഡ് ജീവനക്കാർക്കുള്ള അനുമോദനവും മുൻ ജില്ലാ മെഡിക്കൻ ഓഫീസർ ഡോ ജയശ്രീ വി യെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മെഡിക്കൽ കോളേജ് സംവിധാനത്തെ വിപുലീകരിക്കാനുള്ള എല്ലാ ശ്രമവും സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവും. ഇതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ കാണാത്ത രോഗങ്ങളും സംഭവ വികാസങ്ങളുമാണ് ഈ അടുത്ത കാലയളവിൽ ലോകത്ത് ഉണ്ടായിട്ടുള്ളത്. ഈ സമയങ്ങളിൽ ജീവൻ നൽകാൻ തയ്യാറാണെന്ന് പറഞ്ഞ് പ്രതിരോധ പ്രവർത്തനങ്ങളിൽ നില കൊണ്ടവരാണ് കോവിഡ് ബ്രിഗേഡിയർമാരെന്ന് മന്ത്രി പറഞ്ഞു.
മൊബൈൽ മെഡിക്കൽ യൂണിറ്റ്, കോവിഡ് കൺട്രോൾ റൂം, ഇ സജ്ജീവനി എന്നിങ്ങനെ
വിവിധ മേഖലകളിൽ പ്രവർത്തിച്ച ഡോക്ടർമാർ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ, അറ്റൻഡർ തുടങ്ങി 95 പേരെയാണ് ആദരിച്ചത്.
മേയർ ഡോ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കെ പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ ഡിഎംഒ ഡോ ഉമ്മർ ഫാറൂഖ്, എൻഎച്ച്എം ഡിപിഎം ഡോ എ നവീൻ, ആർദ്രം അസിസ്റ്റ് നോഡൽ ഓഫീസർ ഡോ അഖിലേഷ് കുമാർ, എൻഎച്ച്എം പിആർഒ ടി ഷിജു, ഓഫീസ് സെക്രട്ടറി കെ രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.