ബാലുശ്ശേരി: ഗാന്ധിസത്തിലൂടെ വളർന്ന നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്നും ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ് യാഥാർത്ഥ്യമാക്കാൻ അദ്ദേഹം ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നുവെന്നും ബാലുശ്ശേരി എംഎൽഎ വി ടി സൂരജ് പറഞ്ഞു. ജനങ്ങളോട് എപ്പോഴും ചേർന്നു നിന്ന് അവരുടെ പ്രശ്നങ്ങൾ ആത്മാർത്ഥമായി ഇടപെട്ട ജനനായകനായിരുന്നു ഉമ്മൻചാണ്ടി. അദ്ദേഹത്തിന്റെ ജനകീയ ശൈലി ഓരോ പൊതുപ്രവർത്തകനും മാതൃകയാക്കാൻ ശ്രമിക്കണമെന്നും എംഎൽഎ പറഞ്ഞു. ജനശ്രീ സുസ്ഥിര വികസന മിഷൻ നിർമ്മല്ലൂർ മേഖല കമ്മിറ്റി ആഭിമുഖ്യത്തിൽ നിർമ്മല്ലൂർ കാട്ടാമ്പള്ളിയിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും വിദ്യാർത്ഥി അനുമോദനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശൈലേഷ് നിർമ്മല്ലൂർ അധ്യക്ഷത വഹിച്ചു. ശ്രീകുമാർ തെക്കേകണ്ടിയിൽ സ്വാഗതം പറഞ്ഞു. ഗോവിന്ദൻകുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സുനിൽകുമാർ എ എം, ഇ വി ഗോപാലൻ, പുഷ്പലത കേളോത്ത്, അബ്ദുൽസലാം, ആർ കബീർ, സുകൃതി തങ്കമണി, ശ്യാമള പനങ്ങാട്, കെ വി ആലി, പൊന്നോറത്ത് വിജയൻ, സജീവൻ മാസ്റ്റർ, ദേവദാസ് ടി പി എന്നിവർ സംസാരിച്ചു. ചന്ദ്രൻ കെ കെ നന്ദി രേഖപ്പെടുത്തി. ഗാന്ധി ആത്മകഥയുടെ നൂറാം വാർഷികത്തിന്റെ മണ്ഡലതല ഉദ്ഘാടനവുംവി ടി സൂരജ് എംഎൽഎ നിർവഹിച്ചു.










