തിരുവമ്പാടി: കോഴിക്കോട് തിരുവമ്പാടിക്ക് സമീപം ആനക്കാംപോയിൽ പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചിൽ മൂന്നാം ദിവസവും ഊർജ്ജിതമായി തുടരുന്നു. കർണാടകയിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ഗൈഡും മലപ്പുറം കരിശ്ശേരി സ്വദേശിയുമായ ശിബിലി (25) യെയാണ് കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട് കാണാതായത്.
കഴിഞ്ഞ ദിവസം പതങ്കയം സന്ദർശിക്കാനെത്തിയ സംഘത്തിലെ രണ്ടുപേർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവർക്കായി ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും, നാട്ടുകാരുടെ സഹായത്തോടെ രണ്ട് വിനോദസഞ്ചാരികളെയും സുരക്ഷിതമായി കരയ്ക്കടുപ്പിക്കുകയും ചെയ്തു. എന്നാൽ, ഇവരെ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടിയ ഗൈഡ് ശിബിലി ശക്തമായ നീരൊഴുക്കിൽപ്പെട്ട് താഴേക്ക് ഒലിച്ചുപോവുകയായിരുന്നു.
ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് അംഗങ്ങൾ, സന്നദ്ധസേനകൾ, പ്രാദേശിക നീന്തൽ വിദഗ്ധർ, നാട്ടുകാർ എന്നിവരടങ്ങുന്ന വലിയൊരു സംഘമാണ് നിലവിൽ തിരച്ചിലിന് നേതൃത്വം നൽകുന്നത്.
വെള്ളത്തിനടിയിലെ ചുഴികളും പാറയിടുക്കുകളും കേന്ദ്രീകരിച്ച് സ്കൂബ ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്.
ദുർഘടമായ പ്രദേശങ്ങളിലും കാട്ടുചോലകളിലും മനുഷ്യർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിലും ഡ്രോണുകൾ ഉപയോഗിച്ചാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.










