ArtArt & CultureLatest

കോൽക്കളിയിൽ പുതുചരിത്രം കുറിച്ച് വനിതകൾ; സംസ്ഥാനത്തെ ആദ്യ വനിതാ മാപ്പിള കോൽക്കളി സംഘം അരങ്ങേറ്റത്തിന്

Nano News

കോഴിക്കോട്: പുരുഷാധിപത്യം നിലനിന്നിരുന്ന മാപ്പിള കോൽക്കളി രംഗത്ത് പുതുചരിത്രം സൃഷ്ടിച്ച് സംസ്ഥാനത്തെ ആദ്യ വനിതാ മാപ്പിള കോൽക്കളി സംഘം അരങ്ങേറ്റത്തിനൊരുങ്ങുന്നു. 32 മുതൽ 60 വയസ്സ് വരെയുള്ള 25 വനിതകളാണ് പരിശീലനം പൂർത്തിയാക്കി വേദിയിലേക്ക് എത്തുന്നത്.

സാംസ്കാരിക വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ആനക്കുളം സാംസ്കാരിക നിലയത്തിലാണ് പരിശീലനം നടന്നത്. മുന്നൂറിലേറെ വർഷത്തെ പാരമ്പര്യമുള്ള മാപ്പിള കോൽക്കളിയുടെ ചരിത്രത്തിൽ ആദ്യമായാണ് വനിതകൾ മാത്രമുള്ള ഒരു സംഘം രൂപംകൊള്ളുന്നത്.

മാപ്പിളപ്പാട്ടുകൾ, ബദർ ശുഹദാക്കളുടെ ചരിത്രം, ഇസ്‌ലാമിന്റെ ഉത്ഭവം, ഇന്ത്യൻ സ്വാതന്ത്ര്യസമരഗാഥകൾ തുടങ്ങിയ വിഷയങ്ങൾ കോൽക്കളിയുടെ താളത്തിൽ അവതരിപ്പിക്കുന്നതാണ് സംഘത്തിന്റെ പ്രത്യേകത. കലാകാരികൾ തന്നെ പാടി അവതരിപ്പിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.

മുഹമ്മദ് ജനീഷ് ഗുരുക്കളുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. ഹൈന്ദവ കോൽക്കളിയുമായി താരതമ്യം ചെയ്യുമ്പോൾ വേഗത്തിലും അവതരണശൈലിയിലും മാപ്പിള കോൽക്കളിക്ക് വ്യത്യസ്തതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന താളങ്ങളിൽ നിന്ന് ആരംഭിച്ച പരിശീലനം ഇന്ന് ഏത് ഗാനവും കോൽക്കളി താളത്തിൽ അവതരിപ്പിക്കാൻ കഴിയുന്ന നിലയിലേക്ക് വളർന്നതായും അദ്ദേഹം വ്യക്തമാക്കി.കോഴിക്കോട് കോർപ്പറേഷന്റെ സഹകരണത്തോടെയാണ് പരിശീലനം സൗജന്യമായി സംഘടിപ്പിച്ചത്.

ഗിരിജ, ബേബി, ബീന, ഇന്ദിര ടീച്ചർ, അമൃത, സുഷമ, ഷെമീന തുടങ്ങിയവരടങ്ങുന്ന വനിതാ സംഘം ജൂലൈ 28-ന് ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് ആനകുളം സാംസ്‌കാരിക നിലയത്തിൽ അരങ്ങേറ്റം നടത്തും. ചടങ്ങ് കോഴിക്കോട് മേയർ ഒ.സദാശിവൻ ഉദ്ഘാടനം ചെയ്യും.

വനിതകളുടെ ഈ മുന്നേറ്റം മാപ്പിള കലാരംഗത്ത് പുതിയ അധ്യായത്തിന് തുടക്കമാകുമെന്നാണ് കലാപ്രേമികളുടെ പ്രതീക്ഷ.


Reporter
the authorReporter

Leave a Reply