സജി തറയിൽ
കോഴിക്കോട് :ബേപ്പൂർ സുൽത്താൻ്റെ നാട്ടിലാണ് ഇമ്മിണി ബെല്ല്യ നേന്ത്രക്കുല വിളവെടുത്തത്.തൊഴിൽ അദ്ധ്യാപനമാണെങ്കിലും പാരമ്പര്യമായി കിട്ടിയ കൃഷിയറുവകൾ ഫലപ്രദമായി വിനിയോഗിക്കുന്ന പ്രമോദാണ് 60 കിലോ തൂക്കംവരുന്ന നേന്ത്രക്കുല കൃഷി ചെയ്തെടുത്തത്.
അപൂർവ്വ ഇനമായ ഗോവൻ മിണ്ടോളി നേന്ത്ര ഇനമാണിത്. തൃശൂർ ഇരിങ്ങാലക്കുടയിലുള്ള പ്ലാൻഡ് മിൽ അഗ്രികൾച്ചർ ലാബിൽ നിന്നാണ് ഇതിന്റെ കന്നു കൊണ്ടുവന്നത്.
രണ്ടര ഏക്കറോളം വരുന്ന തെങ്ങ് കൃഷിക്കു ഇടവിളയായാണ് പ്രമോദിന്റെ വാഴകൃഷി. ചങ്ങാലിക്കോടൻ, സ്വർണ്ണമുഖി തുടങ്ങിയ നേന്ത്ര ഇനങ്ങൾ പ്രമോദ് കൃഷി ചെയ്യ്ത് വിജയം കണ്ടിരുന്നു.
ഗോവൻ മിണ്ടോളി വിളവെടുക്കാൻ ഒന്നരവർഷത്തോളം എടുക്കും.കുല വന്നാൽ മൂപ്പെത്താൻ മാത്രം മൂന്ന് മാസമെടുക്കും.ഒരേ വലുപ്പമുള്ള പഴങ്ങളാണ് ഇവയുടേത്. നല്ല മധുരം ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.
പ്രമോദും സുഹൃത്തുക്കളും ചേർന്ന് സാഹസികമായി തന്നെയാണ് തൂക്കം കൂടിയ ഗോവൻ മിണ്ടോളി വെട്ടി താഴെയെത്തിച്ചത്.
ഈ കുലയുടെ അസാധാരണ വലുപ്പത്തിൽ കൗതുകം തോന്നിയ വെസ്റ്റ്ഹിൽ സ്വദേശി എം.ടി അനിൽ കുമാർ 3500 രൂപയ്ക്ക് ഈ കുല സ്വന്തമാക്കി.ഭാരത് എഡ്യൂക്കേഷൻ ഫൌണ്ടേഷനിലെ അധ്യാപകനായ പ്രമോദ് ആ തുക മുഴുവൻ മുഖ്യമന്ത്രിയുടെ വിദ്യാകിരണം പദ്ധതിയിലേക്ക് സംഭാവനയായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.കടലുണ്ടിയിലെ പഴയ തലമുറയിലെ പ്രമുഖ കർഷകനായിരുന്ന കൊറാത്ത് രാമദാസ മേനോന്റെ മകനാണ് പ്രമോദ്.