കോഴിക്കോട്: മാറാടും പഹൽഗാമും സമാനമായ ഭീകരാക്രമണങ്ങളാണെന്ന് ബിജെപി കോഴിക്കോട് മേഖലാ പ്രഭാരി വി കെ സജീവൻ പറഞ്ഞു. കോഴിക്കോട് വളയനാട് സംഘടിപ്പിച്ച മാറാട് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാഹൽഗാമിൽ കലിമചൊല്ലിച്ച് തിരിച്ചറിയൽ നടത്തിയെങ്കിൽ മാറാടിൽ അത് മുൻകൂട്ടി തിരിച്ചറിഞ്ഞതിനുശേഷമാണ് കശാപ്പു നടത്തിയത് എന്ന് മാത്രമാണ് വ്യത്യാസം ഉള്ളത്. രണ്ടിലും ഏക പക്ഷീയമായ കൂട്ടക്കൊലയിലൂടെ ഭയപ്പെടുത്തി ആധിപത്യം സ്ഥാപിക്കാനാണ് ശ്രമിച്ചത്. രണ്ടിലും പുരുഷ ഹിന്ദുക്കളെ ഇല്ലായ്മ ചെയ്തതിലൂടെ വിധവകളും അനാഥരും സൃഷ്ടിക്കപ്പെട്ടു. മാറാട് ഇനി പറയരുത് മറക്കണം എന്നാണ് ചിലരുടെ അഭിപ്രായം.

മാറാട് അനുസ്മരിക്കുന്നത് നമ്മുടെ സമൂഹത്തെ വിഴുങ്ങിയ മതഭീകരത ക്കെതിരെ സമൂഹത്തെ ജാഗ്രതപ്പെടുത്താനാണ്. 2003ൽ കേവലം 16 സീറ്റ് മാത്രം ഉണ്ടായിരുന്ന ലീഗിന് മാറാട് കൂട്ടക്കൊല സമയത്ത് യുഡിഎഫ് സർക്കാരിനെക്കൊണ്ട് പോലീസ് അന്വേഷണം അട്ടിമറിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ ഇനി ലീഗിന് സ്വാധീനമുള്ള ഒരു ഭരണം വന്നാൽ എന്തായിരിക്കും സ്ഥിതി എന്ന് ആശങ്കപ്പെടുന്നവരെ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല. മാറാട് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്ന ലീഗ് മന്ത്രിമാർക്ക് ബന്ധം ഉണ്ടായിരുന്ന സാമ്പത്തിക സ്പോൺസറേയും, കടൽ വഴി ആയുധം എത്തിച്ച വരെയും, ഗൂഢാലോചന നടത്തിയവരെയും ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല. ഗൂഢാലോചന അന്വേഷിച്ചു പോലുമില്ല. നേരിട്ട് അക്രമത്തിൽ പങ്കെടുത്തവരിൽ തന്നെ ലീഗ് നേതാക്കളും പ്രവർത്തകരും ശിക്ഷിക്കപ്പെട്ടു.മാറാട് ചർച്ചചെയ്യുന്തോറും ലീഗിന്റെ മുഖം വികൃതമാകും എന്നുള്ളതുകൊണ്ടാണ് ചിലർ മാറാട് എന്ന് പറയുമ്പോൾ ഭയപ്പെടുന്നതെന്നും സജീവൻ ചൂണ്ടിക്കാട്ടി. ഇന്ന് കേരളത്തിലെ ഇടതു വലതു നേതാക്കൾ മതരാഷ്ട്ര വാദികൾക്ക് മുമ്പിൽ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാവുന്നവരായും വോട്ടിനു വേണ്ടി വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നവരായും മാറിയിരിക്കുകയാണെന്നും വി കെ സജീവൻ ആരോപിച്ചു. കുതിരവട്ടം വാർഡ് കൗൺസിലർ ഇന്ദിരാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് ബാബു മരക്കാട്ട്, മണ്ഡലം സെക്രട്ടറി ഷാജു മൈലംപാടി, നേതാക്കളായ എം കെ സുനിൽകുമാർ, വിജയൻ ഉദയഗിരി എന്നിവർ സംസാരിച്ചു.










