നടുവണ്ണൂര്‍: പുസ്തകങ്ങൾ ചർച്ച ചെയ്യുന്നിടത്ത് സ്നേഹവും മൈത്രിയുമുണ്ടാകുമെന്നും കൃതികൾ ആയുധങ്ങൾക്ക് കാരണമാവുകയില്ലെന്നും കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ. യുവകലാസാഹിതി നടുവണ്ണൂരില്‍ സംഘടിപ്പിച്ച കിതാബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അറിവിലെ ജ്ഞാനമാക്കാനുള്ള വഴി വായനയാണ്. ഈ കാലഘട്ടത്തിൽ അക്ഷരം തന്നെയാണ് യഥാർത്ഥ മാനവികതയ്ക്കു വേണ്ടിയുള്ള കരുത്തുറ്റ മാർഗം. പെരും നുണകൾ കെട്ടിപ്പൊക്കിയ അധികാരശക്തികൾ നമ്മെ ഭരിക്കുന്ന കാലമാണിത്. വാഴ്ത്തുപാട്ടായി തോന്നുന്നവ കുറ്റപത്രമായി മാറ്റാനുള്ള എഴുത്തുകാരുടെ കഴിവാണ് ഇനി പ്രതിരോധത്തിനുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാർ ടി എം ശശി അധ്യക്ഷത വഹിച്ചു. അഡ്വ. പി. ഗവാസ് മുഖ്യാതിഥിയായി. എൻ അലി, പി കെ മുരളി, കാവിൽ പി മാധവൻ, ഡോ. ഒ കെ മുരളീ കൃഷ്ണൻ അഷ്റഫ് കുരുവട്ടൂർ എന്നിവർ സംസാരിച്ചു. രാജൻ നരയംകുളം സ്വാഗതവും കെ വി സത്യൻ നന്ദിയും പറഞ്ഞു. ആദ്യ സെഷനിൽ ശരൺ കുമാർ ലിംബാളെയുടെ സനാതൻ നോവലും രജനി പാലാമ്പറമ്പിലിന്റെ ആ നെല്ലിമരം പുല്ലാണ് എന്ന ആത്മകഥയും ചർച്ച ചെയ്തു. ഡോ. എന്‍ എം സണ്ണി സംസാരിച്ചു. ബിനോയ് വി മോഡറേറ്ററായ സെഷനില്‍ വിജയകുമാര്‍ പൂതേരി സ്വാഗതവും സുമതി ഹരിഹര്‍ നന്ദിയും പറഞ്ഞു.
രണ്ടാമത്തെ സെഷനിൽ ഡോ. ശശികുമാർ പുറമേരിയുടെ ഇനിയൊരു ജന്മം കൂടി, വയലാറിന്റെ മന്ത്ര മധുര ഗാനങ്ങൾ എന്നിവ ചര്‍ച്ച ചെയ്തു. പ്രദീപ് കണിയാരിക്കൽ മോഡറേറ്ററായ സെഷനിൽ ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തി പി എം സജേന്ദ്രൻ സ്വാഗതവും കാസിം പുതുക്കുടി നന്ദിയും പറഞ്ഞു. അടുത്ത സെഷനിൽ പി വി ഷാജി കുമാറിന്റെ മരണവംശം നോവൽ ചർച്ച ചെയ്തു. വിപി ഏലിയാസ് മോഡറേറ്ററായി. മജീദ് ശിവപുരം സ്വാഗതവും പി കെ സുരേഷ് നന്ദിയും പറഞ്ഞു. രമേശ് കാവിൽ എഴുതിയ പാതിര നോവൽ ചർച്ചയിൽ കെ കെ മെയ്തീൻ കോയ മോഡറേറ്ററായി. എൻ പി അനിൽ കുമാർ സ്വാഗതവും ബൽറാം കോട്ടൂർ നന്ദിയും പറഞ്ഞു. അടുത്ത സെഷനിൽ ഡോ. ആര്യ ഗോപിയുടെ അക്കരപ്പച്ച: യൂറോപ്യൻ യാത്രാനുഭവങ്ങളും എംഎ ബഷീർ എഴുതിയ യാത്രികന്റെ ഡയറിയും ചർച്ച ചെയ്തു. വാസു വാളിയിൽ സ്വാഗതം റീന കുമാരി എം നന്ദിയും പറഞ്ഞു.
അവസാനത്തെ സെഷനിൽ പി കെ ഗോപിയുടെ തെരഞ്ഞെടുത്ത കവിതകൾ ചർച്ച ചെയ്തു. സുനിത സ്വാഗതവും എൻ മുരളീധരൻ നന്ദിയും പറഞ്ഞു. എല്ലാ സെഷനുകളിലും എഴുത്തുകാർ പങ്കെടുത്തു. തുടർന്ന് ഡോ. വി എൻ സന്തോഷ് കുമാർ രചനയും സംവിധാനവും നിർവഹിച്ച വംശബോധം സംഗീതശില്പം അരങ്ങേറി.
ഇന്ന് ചൂട്ട്, മീത്തൽ, ശിവകാമി, എരിക്കിൻ തീ, ഇന്ത്യ: സ്വസ്തികയുടെ നിഴലിൽ, ശിഖണ്ഡിനി, ഇവൾ ദ്രൗപതി, ഗെയിം പ്ലാൻ, ലിംഗനീതി മലയാള കവിതയിലും ജീവിതത്തിലും, പാടുന്ന പിശാച്, തുടങ്ങി പുസ്തകങ്ങളെ കുറിച്ചുള്ള സെഷനുകൾ നടക്കും. നിഖിലേഷ് നടുവണ്ണൂർ ദീപ പി എം, ഡോ. ഒ കെ മുരളീകൃഷ്ണൻ, മജീദ് ശിവപുരം, കെ വി ആനന്ദൻ, എ പി കുഞ്ഞാമു, അഷ്റഫ് കുരുവട്ടൂർ തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനം വി ആർ സുധീഷ് ഉദ്ഘാടനം ചെയ്യും. സെഷനുകളുടെ സമാപനത്തോടുകൂടി കോഴിക്കോട് സ്ട്രീറ്റ് ലൈറ്റ് അവതരിപ്പിക്കുന്ന വണ്ടിക്കാളകൾ എന്ന നാടകം അരങ്ങേറും.










