AchievementEducationLatest

പെരിങ്ങളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന് വീണ്ടും സംസ്ഥാന പുരസ്‌കാരം

Nano News

കോഴിക്കോട്:കേരളത്തിലെ നാഷണൽ സർവീസ് സ്കീം (NSS) പ്രവർത്തിക്കുന്ന മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന യൂണിറ്റുകൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകുന്ന 2023–24 അധ്യയന വർഷത്തെ സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്‌കാരം പെരിങ്ങോളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്വന്തമാക്കി.

തിരുവനന്തപുരം വിമൻസ് കോളേജിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ, സ്കൂളിലെ പി.ടി.എ അംഗങ്ങൾ, അധ്യാപകർ, എൻ.എസ്.എസ് വോളണ്ടിയർമാർ എന്നിവർ ചേർന്ന് ബഹു. ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സ്കൂളിലെ മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ രതീഷ് ആർ. നായർ സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എന്ന പുരസ്‌കാരവും നേടി. നിലവിൽ അദ്ദേഹം എൻ.എസ്.എസ് ചേവായൂർ ക്ലസ്റ്റർ കോർഡിനേറ്ററായും ആർ.ഇ.സി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായും സേവനം അനുഷ്ഠിച്ചു വരികയാണ്.

2021–24 കാലയളവിൽ നടപ്പാക്കിയ ശക്തമായ സാമൂഹിക, പരിസ്ഥിതിക, പാലിയേറ്റിവ്, സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം ലഭിച്ചത്. യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വന്തം ബ്രാൻഡിൽ ബൾബ് നിർമ്മാണം, വിൽപ്പന, പരിശീലനം എന്നിവ നടപ്പാക്കി. ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്കായി LED നിർമ്മാണ യൂണിറ്റും ‘പ്രഭ’ എന്ന പേരിൽ ബൾബും അവതരിപ്പിച്ചു. സ്നേഹവീടിൻ്റെ നിർമ്മാണം, വയനാട്ടിലെ ആദിവാസി ഊരിലെ സാമൂഹ്യ പഠനമുറിക്ക് ലൈബ്രറി ഒരുക്കൽ, ഊരിലേക്ക് ഓണക്കിറ്റ് വിതരണം, പുല്ലുരാംപാറയിലെ അംഗനവാടിക്ക് പാർക്ക് നിർമ്മാണം എന്നിവയും ശ്രദ്ധേയമായി.

ഉപയോഗശൂന്യമായ സ്കൂൾ ബെഞ്ചുകളും ഡസ്കുകളും പുനർരൂപകൽപ്പന ചെയ്ത് ഷെൽഫുകളാക്കി പഞ്ചായത്തിലെ 10 അംഗനവാടികൾക്ക് വിതരണം ചെയ്തു. ‘ഉദയം’ പദ്ധതിക്ക് സഹായം, ആദിവാസി ഊരിലെ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം, ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി 16 ടീമുകൾ പങ്കെടുത്ത ഫുട്ബോൾ ടൂർണമെന്റ്, എയ്ഡ്സ് ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ മണൽ ശില്പം ഒരുക്കൽ എന്നിവയും നടപ്പാക്കി.

കുന്നമംഗലത്ത് ‘കാലനുമായി’ ലഹരിവിരുദ്ധ റാലിയും കൂട്ടയോട്ടവും സംഘടിപ്പിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കുകയും അവരോടൊപ്പം ഒരു ദിവസം ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്തു. രക്തദാന ക്യാമ്പ്, വെണ്ട, ചീര, മുളക് തുടങ്ങിയ പച്ചക്കറി കൃഷി, മില്ലറ്റ് കൃഷി എന്നിവയും നടപ്പാക്കി. ഇതിലൂടെ പെരുവയൽ പഞ്ചായത്തിലെ മികച്ച കൃഷി കൂട്ടത്തിനുള്ള അവാർഡും യൂണിറ്റ് നേടി.

പാലിയേറ്റിവ് ദിനത്തിൽ ഫ്ലാഷ് മോബ്, തെരുവിൽ കഴിയുന്നവർക്ക് പുതപ്പ് വിതരണം, കാൻസർ ദിനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ കാൻസർ വാർഡിലെ കുട്ടികൾക്ക് കളിപ്പാട്ട വിതരണം, തയ്യൽ മെഷീനുകളുടെ വിതരണം, കുറ്റിക്കാട്ടൂർ പാലിയേറ്റിവ് സൊസൈറ്റിക്ക് സഹായം എന്നിവയും യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

നേരത്തെ, 2021–22 അധ്യയന വർഷത്തിൽ മലപ്പുറം മുതൽ കാസർഗോഡ് വരെ ഉൾപ്പെടുന്ന ഉത്തര മേഖലയിൽ മികച്ച എൻ.എസ്.എസ് യൂണിറ്റിനും മികച്ച പ്രോഗ്രാം ഓഫീസർക്കുമുള്ള സംസ്ഥാന പുരസ്‌കാരവും പെരിങ്ങോളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നേടിയിരുന്നു. കൂടാതെ 2023–24 ലെ ഹയർസെക്കൻഡറി സംസ്ഥാന അവാർഡിൽ മികച്ച എൻ.എസ്.എസ് യൂണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച എൻ.എസ്.എസ് വോളണ്ടിയർ, റീജണൽ ലെവലിലെ മികച്ച എൻ.എസ്.എസ് വോളണ്ടിയർ എന്നിങ്ങനെ നാല് സംസ്ഥാന പുരസ്‌കാരങ്ങളും ഈ യൂണിറ്റ് സ്വന്തമാക്കിയിട്ടുണ്ട്.


Reporter
the authorReporter

Leave a Reply