കോഴിക്കോട്: ചന്ദനലേപത്തിന്റെ കുളിരും ആർദ്രതയും നിറഞ്ഞ പാട്ടുകളും കവിതകളും മലയാളിക്ക് സമ്മാനിച്ച കവിയും ഗാനരചയിതാവുമായ കെ ജയകുമാറിന് കോഴിക്കോടിന്റെ സ്നേഹാദരം. കളരിവിളക്കിന്റെ കാന്തിയും കൊന്നമരം പൂത്തുലഞ്ഞ സൗന്ദര്യവും ഒഴുകിപ്പടർന്ന വരികളുടെ മനോഹാരിത നെഞ്ചിലേറ്റിയ ആസ്വാദകർക്ക് മുമ്പിൽ ജയകുമാർ ആദരവ് ഏറ്റുവാങ്ങി. കെ ജയകുമാറിന്റെ സർഗാത്മക ജീവിതത്തിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ചൈതന്യ ഹാളിൽ സംഘടിപ്പിച്ച ‘കുടജാദ്രിയിൽ ജയഗീതം’ നഗരത്തിന് വേറിട്ട അനുഭവമാകുകയായിരുന്നു. കെ ജയകുമാർ സമാനതകളില്ലാത്ത വ്യക്തിത്വമാണെന്ന് ചടങ്ങിൽ സംസാരിച്ച കവി ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. അത്രമേൽ മണമുള്ള കുടമുല്ല പൂവുകൾ വിരിയിച്ച സർഗയാത്രയായിരുന്നു അദ്ദേഹത്തിന്റേത്. ഒരു കൊടുങ്കാറ്റിലും ഉലയാതെ കർമ നിരതനായ വ്യക്തി കൂടിയാണ് ജയകുമാറെന്നും ആലങ്കോട് പറഞ്ഞു. കുടജാദ്രിയും സൗപർണികാമൃത വീചികളുമെല്ലാം അലയടിച്ച ചടങ്ങ് മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്തു. പി വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മോനു കൃഷ്ണ സ്വാഗതം പറഞ്ഞു. ടി വി ബാലൻ, സത്യൻ മാടാക്കര, ഡോ. കെ കെ എൻ കുറുപ്പ്, അനിൽ മാരാത്ത്, എ ജി രാജൻ, അഡ്വ. പി ശ്രീരഞ്ജിനി, അഡ്വ. എം രാജൻ, കെ പി വിജയകുമാർ സംസാരിച്ചു. സി പി സദാനന്ദൻ നന്ദി രേഖപ്പെടുത്തി. മീനാ കുറുപ്പിന്റെ പെർഫോമിങ് ഡാൻസ്, ലീന തമ്പി, രമാദേവി എന്നിവരുടെ വീണക്കച്ചേരി, മധുബാലകൃഷ്ണനും ചെങ്ങന്നൂർ ശ്രീകുമാറും നയിച്ച ഗാനമേള എന്നിവയും അരങ്ങേറി.










