കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ കല്ലായി വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി ധാരണയനുസരിച്ച് സിപിഐക്ക് അനുവദിച്ച കല്ലായി വാർഡിൽ സിപിഐ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിനീഷ് വിദ്യാധരൻ മത്സരിക്കുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് അറിയിച്ചു.
അറിയപ്പെടുന്ന നഗരാസൂത്രകനും കോഴിക്കോട്ടെ കലാ-സാമൂഹ്യ-സാംസ്കാരിക വേദികളിലെ നിറസാന്നിധ്യവുമായ വിനീഷ് വിദ്യാധരൻ മികച്ച സംഘാടകനും ഇടതുപക്ഷ സഹയാത്രികനുമാണ്. ലയൺസ് ക്ലബ്ബിന്റെ മുൻ ദക്ഷിണ കേരളാ ഗവർണറും കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ മുൻപ്രസിഡന്റുമാണ്. സിവിൽ എഞ്ചിനീറിങ്ങിൽ ബിരുദവും ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ഡിപ്ലോമയും ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ മുൻ പ്രസിഡന്റാണ്. എസ് കെ പൊറ്റക്കാട് പുരസ്കാരം ഉൾപ്പെടെ കലാസാഹിത്യ സാമൂഹ്യ വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.










