കോഴിക്കോട്: സിപിഐ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കെപിഎസിയുടെ 75 വർഷങ്ങളെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന പരിപാടി പ്രശസ്ത ഗായകനും സാംസ്കാരിക പ്രവർത്തകനുമായ വി ടി മുരളി ഉദ്ഘാടനം ചെയ്തു. സാമൂഹിക വിഷയങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വീക്ഷണത്തോടെ അവതരിപ്പിച്ചവയായിരുന്നു കെ പി എ സിയുടേയും തോപ്പിൽ ഭാസിയുടേയും നാടകങ്ങളെന്ന് വി ടി മുരളി പറഞ്ഞു.
ജീവിതത്തിന്റെ അംശങ്ങൾ ആ നാടകങ്ങളിലെല്ലാം കാണാം. സാമൂഹിക വിമർശനങ്ങൾ നാടകങ്ങളുടെ മുഖമുദ്രയായിരുന്നു. സാമൂഹിക മാറ്റങ്ങൾക്ക് അടിത്തറയിട്ട നാടകമായിരുന്നു കെ പി എ സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി. മലയാളത്തിന് ലഭിച്ച ഒട്ടേറെ ജനകീയ ഗീതങ്ങൾ കെ പി എ സിയുടെ സംഭാവനയായിരുന്നു. കെ പി എ സിയുടെ നാടക ഗാനങ്ങൾ ഒരു കാലത്ത് കേരളം മുഴുവൻ കീഴടക്കിയവയാണ്. അവയെല്ലാം ഇന്നും നിറം മങ്ങാതെ നിലനിൽക്കുകയാണ്. പുതിയൊരു സംവേദന ശീലം വളർത്തിയെടുത്തവ കൂടിയായിരുന്നു ഈ ഗാനങ്ങൾ. കെ പി എ സിയുടെ 75 വർഷത്തെ ചരിത്രം കേരളത്തിന്റെ കൂടി ചരിത്രമാണെന്നും അദ്ദഹം കൂട്ടിച്ചേർത്തു.

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി എം ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത നാടക- സാംസ്കാരിക പ്രവർത്തകരായ മുഹമ്മദ് പേരാമ്പ്ര, വിജയൻ വി നായർ, മനോജ് നാരായണൻ, എൽസി സുകുമാരൻ എന്നിവരെ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി വസന്തം, ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് എന്നിവർ ചേർന്ന് ആദരിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ കെ ബാലൻ മാസ്റ്റർ സംബന്ധിച്ചു. അഷ്റഫ് കുരുവട്ടൂർ സ്വാഗതവും ഡോ. വി വിക്രാന്ത് നന്ദിയും പറഞ്ഞു.
തുടർന്ന് സുരേഷ് ബാബു ശ്രീസ്ഥ രചനയും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ച കെപിഎസിയുടെ ഉമ്മാച്ചു നാടകം അരങ്ങേറി.
ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ‘സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ് പാർട്ടിയും’ എന്ന വിഷയത്തിൽ നടക്കുന്ന ചരിത്ര സംഗമം സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി മുഖ്യ പ്രഭാഷണം നടത്തും. കെ ജി പങ്കജാക്ഷൻ, രജീന്ദ്രൻ കപ്പള്ളി, പി കെ കണ്ണൻ, കെ മോഹനൻ, അജയ് ആവള, പി വി മാധവൻ എന്നിവർ പങ്കെടുക്കും. 26ന് വൈകീട്ട് നാലിന് നടക്കുന്ന ശതാബ്ദി സംഗമം സിപിഐ ദേശീയ സെക്രട്ടറി അമർജിത്ത് കൗർ ഉദ്ഘാടനം ചെയ്യും.










