പത്തനംതിട്ട: ബാലൻസ് പൈസ നൽകിയതിനെ ചൊല്ലി കണ്ടക്ടറുമായുള്ള തർക്കത്തിന് യാത്രക്കാരൻ കെഎസ്ആർടിസി ബസിന്‍റെ പിൻവശത്തെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചു. പത്തനംതിട്ട തിരുവല്ല കുറ്റൂരിലാണ് സംഭവം. ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച ആഞ്ഞിലിത്താനം സ്വദേശി രതീഷ് അറസ്റ്റിലായിട്ടുണ്ട്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. ബസിൽ കയറിയപ്പോൾ മുതല്‍ ഓരോ കാര്യത്തിലും ഇയാൾ തര്‍ക്കങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിന് ശേഷം സ്റ്റോപ്പിൽ ഇറങ്ങി. തുടര്‍ന്ന് കല്ലെടുത്ത് എറിയുകയായിരുന്നു. ബസിന്‍റെ പിൻ സീറ്റിൽ ആളുകൾ ആരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. രതീഷിനെ അറസ്റ്റ് ചെയ്ത് വൈദ്യ പരിശോധന നടത്തിയെന്നും മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.