കോഴിക്കോട്: സംവിധായകരുടെ മനസ്സറിഞ്ഞ കലാപ്രതിഭയായിരുന്നു ഇന്ന് അന്തരിച്ച പ്രശസ്ത കലാസംവിധായകന്‍ മക്കട ദേവദാസ്. നൂറോളം ചിത്രങ്ങളുടെ കലാ സംവിധാനം നിര്‍വ്വഹിച്ച അദ്ദേഹം 300പരം ചിത്രങ്ങളുടെ ടൈറ്റിലും അണിയിച്ചൊരുക്കി.
സിനിമയിൽ പ്രവർത്തിക്കണമെന്ന മോഹവുമായി ആർടിസ്റ്റ് നമ്പൂതിരിയുടെ കത്തുമായാണ് മക്കട ദേവദാസ് മദ്രാസിന് വണ്ടികയറിയത്. കാലിക്കറ്റ് സർവകലാശാലയിൽ പെയിന്റിങ്ങിൽ വിജയം നേടിയതും എരഞ്ഞിപ്പാലത്ത് ശ്രീകല സ്റ്റുഡിയോയിലെ പരിചയവുമെല്ലാം അദ്ദേഹത്തിലെ മോഹത്തിന് വിത്ത് പാകി. സ്വയം വരം സിനിമയുടെ പിന്നണിയിലുണ്ടായിരുന്ന രമേശിനാണ് നമ്പൂതിരി കത്ത് നൽകിയത്. മദ്രാസിലെത്തിയപ്പോൾ ചെമ്മീൻ സിനിമയുടെ വസ്ത്രാലങ്കാരം നടത്തിയ രാമചന്ദ്രനെ കണ്ടുമുട്ടി. ദേവദാസിനെ അദ്ദേഹം സംവിധായകൻ പി എൻ മേനോന്റെ വീട്ടിലെത്തിച്ചു. ഒരു സിനിമയുടെ ടൈറ്റിൽ എഴുതിയതോടെ മേനോന്‍ ദേവദാസിനെ ഒപ്പംകൂട്ടി. അങ്ങിനെ സിനിമയിലെ കലാ സംവിധാനം കണ്ടും ചെയ്തും പഠിച്ചു. മൂന്ന് വർഷം മോനോന്റെ ശിഷ്യനായി പോസ്റ്റർ ഡിസൈനിങ് രംഗത്ത് പ്രവർത്തിച്ചു. മധുവിന്റെ ഉമാസ്റ്റുഡിയോയായിരുന്നു പരിശീലനക്കളരി. പിന്നീട് കലാ സംവിധായകൻ എസ് കൊന്നനാട്ടിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിലായി ദേവദാസിന്റെ താമസം. ഹരിഹരന്റെ ‘പഞ്ചമി’യുടെ ടൈറ്റിൽ എഴുതിയതോടെ ചലച്ചിത്ര രംഗത്ത് ദേവദാസിന്റെ സ്ഥാനം ഉറച്ചു. എഴുതിയും പെയിന്റ് ചെയ്തും തയ്യാക്കുന്ന ടൈറ്റിലുകൾ കാമറയിൽ പകർത്തുകയാണ് അന്നത്തെ രീതി. ഒരു സിനിമക്ക് 40 ൽകുറയാതെ ടൈറ്റിൽ ബോർഡുകൾ വേണ്ടി വരും. ഒരു ബോർഡിന് ആദ്യകാലത്ത് 10 രൂപ പ്രതിഫലമായിരുന്നു. പിന്നീട് 50 രൂപ വരെയായി. അന്നത്തെ നല്ല ശമ്പളം. തമിഴും മലയാളവുമടക്കം 300 ഓളം പടങ്ങളുടെ ടൈറ്റിൽ എഴുതി. കലാസംവിധാനത്തിന്റെ വിവിധ പാഠങ്ങൾ കൊന്നനാട്ടിൽ നിന്ന് പഠിച്ചു.
പി ചന്ദ്രകുമാറിന്റെ ‘നീയോ ഞാനോ’ എന്നസിനിമയിലാണ് ദേവദാസ് ആദ്യമായി സ്വതന്ത്ര കലാ സംവിധായകനാവുന്നത്. തുടര്‍ന്ന് പത്മരാജന്റെ ‘കള്ളൻ പവിത്രൻ’, പി ചന്ദ്രകുമാറിന്റെ ‘തടവറ’, കുയിലിനെ തേടി, പ്രേം പൂജാരി, കാവൽമാടം, തിങ്കളാഴ്ച നല്ലദിവസം, അയനം, ബ്രഹ്മരക്ഷസ്, തുമ്പോളികടപ്പുറം, സന്ധ്യക്കെന്തിന് സിന്ദൂരം, മലമുകളിലെ ദൈവം, കടമ്പ, വധു ഡോക്ടറാണ്, സുവർണ്ണ സിംഹാസനം തുടങ്ങി ശ്രദ്ധേയമായ നൂറോളം സിനിമക്ക് കലാ സംവിധാനമൊരുക്കി. തമിഴിൽ കാർത്തിക്കും നന്ദിനിയും അഭിനയിച്ച ‘മനതിൽ’ എന്ന പടത്തിനും കലാസംവിധാനമൊരുക്കി. നിവധി ടെലി സീരിയലുകൾക്കും കലാസംവിധാനമൊരുക്കിയിരുന്നു. സുൽത്താൻ വീടിന് സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു.