കോഴിക്കോട്: കേസരി ഭവനില്‍ അഞ്ചു വര്‍ഷമായി നടന്നുവരുന്ന നവരാത്രി സര്‍ഗ്ഗോത്സവം സപ്തംബര്‍ 20ന് വൈകിട്ട് 5.30ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുഖ്യ അര്‍ച്ചകന്‍ സുബ്രഹ്‌മണ്യ അഡിഗകളുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന മഹാ സാരസ്വത പൂജയോടെ ആരംഭിക്കും. സപ്തംബര്‍ 22 ന് വൈകിട്ട് 5.30ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, ചലച്ചിത്രനടി വിധു ബാല, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജൂനാ അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, പി.ടി.ഉഷ എം.പി, സി.സദാനന്ദന്‍ മാസ്റ്റര്‍ എം.പി, ആചാര്യശ്രീ എം.ആര്‍.രാജേഷ്, ശ്രേഷ്ഠാചാര സഭ ആചാര്യന്‍ എംടി വിശ്വനാഥന്‍, സ്വാമി നന്ദാത്മജാനന്ദ, മുന്‍ ഗോവ ഗവര്‍ണ്ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള, നടി അഖില ശശിധരന്‍, സ്വാമി നരസിംഹാനന്ദ, ഡോ.മുരളീ വല്ലഭന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നു.
സര്‍ഗ്ഗോത്സവ വേദിയില്‍, പ്രമുഖ കലാകാരന്മാരായ ഏലൂര്‍ ബിജു, ഡോ.ആര്‍എല്‍വി രാമകൃഷ്ണന്‍, ഗായത്രി മധുസൂദനന്‍, മനു രാജ് തിരുവനന്തപുരം, പട്ടാഭിരാമ പണ്ഡിറ്റ്, ഡോ.പ്രശാന്ത് വര്‍മ്മ, ഭരദ്വാജ് സുബ്രഹ്‌മണ്യം, കെ.വി.എസ് ബാബു തുടങ്ങിയ പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുന്നു. യോഗ ശിബിരം, സാധനാ ശിബിരം, വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍, ഫിലിം ഫെസ്റ്റിവല്‍ എന്നിങ്ങനെ നിരവധി പരിപാടികള്‍ സര്‍ഗ്ഗോത്സവത്തോടനുബന്ധിച്ച് നടത്തുന്നു.
ഈ വര്‍ഷത്തെ നവരാത്രി സര്‍ഗ്ഗ പ്രതിഭാ പുരസ്‌ക്കാരം സപ്തംബര്‍ 29 വൈകിട്ട് 5.30ന് കേരളാ ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പ്രശസ്ത പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന് സമ്മാനിക്കുന്നതാണ്.
ഒക്ടോബര്‍ 2 രാവിലെ 7.30 മുതല്‍ സരസ്വതീ മണ്ഡപത്തില്‍ കുട്ടികള്‍ക്ക് അക്ഷര ദീക്ഷയും (വിദ്യാരംഭം) ചിത്രകല, നൃത്ത വിദ്യാരംഭവും നടത്തപ്പെടുന്നു.










