തിരുവനന്തപുരം:കേരളത്തില്‍ ഒക്ടോബർ ഒന്നു മുതലാണ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം വരുത്താൻ പോകുന്നത്.
ഡ്രൈവിങ് ലൈസൻസിനുളള ലേണേഴ്‌സ് ടെസ്റ്റുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് വരുത്തിയ പുതിയ പരിഷ്കാരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
പുതിയ പരീക്ഷാ രീതി: ലേണേഴ്സ് പരീക്ഷയ്ക്ക് ഇനി മുതല്‍ 30 ചോദ്യങ്ങളുണ്ടാകും. ഇതില്‍ 18 എണ്ണത്തിന് ശരിയായ ഉത്തരം നല്‍കണം. നേരത്തെ 20 ചോദ്യങ്ങളില്‍ നിന്ന് 12 എണ്ണം ശരിയാക്കിയാല്‍ മതിയായിരുന്നു.
ലീഡ്സ് ആപ്ലിക്കേഷൻ: ഡ്രൈവിങ് സ്കൂളുകള്‍ വഴി നല്‍കിയിരുന്ന ചോദ്യോത്തരങ്ങള്‍ ഇനിമുതല്‍ മോട്ടോർ വാഹന വകുപ്പിന്റെ ‘ലീഡ്സ്’ എന്ന ആപ്പില്‍ ലഭ്യമാകും. പരീക്ഷയ്ക്കുള്ള സിലബസ് മുഴുവൻ ആപ്പില്‍ ലഭിക്കും. മുമ്ബ് ലൈസൻസ് എടുക്കാൻ അപേക്ഷിച്ചിരുന്നയാള്‍ക്ക് ഡ്രൈവിങ് സ്‌കൂള്‍ മുഖേനയാണ് ലേണേഴ്‌സ് ടെസ്റ്റിനുള്ള ചോദ്യോത്തരങ്ങള്‍ അടങ്ങിയിരുന്ന പുസ്തകം നല്‍കിയിരുന്നത്.
റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്: ‘ലീഡ്സ്’ ആപ്പിലെ മോക്ക് ടെസ്റ്റില്‍ വിജയിക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പ് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നല്‍കും.
പ്രീ-ഡ്രൈവിങ് ക്ലാസ് ഒഴിവാക്കാം: റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പ്രീ-ഡ്രൈവിങ് ക്ലാസുകളില്‍ പങ്കെടുക്കാതെ തന്നെ നേരിട്ട് റോഡ് ടെസ്റ്റില്‍ പങ്കെടുക്കാൻ കഴിയും.