കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ തട്ടുകടയിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസുകാരൻ മരിച്ച സംഭവത്തിലെ പ്രതിയായ ജോബിൻ ജോർജ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവർ ശ്യാം പ്രസാദ് ആണ് മരിച്ചത്. പോലീസുകാരനെ ആക്രമിച്ച പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഏഴ് കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
തട്ടുകടക്കാരുടെ തർക്കത്തിൽ ക്വട്ടേഷൻ ഏറ്റെടുത്തിട്ടാണോ പ്രതി ഇവിടെയെത്തിയതെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്. ഇവിടെ ഒരു കട മതി എന്ന് പറഞ്ഞാണ് പ്രതി പ്രശ്നമുണ്ടാക്കിയത്. ഈ സംഘർഷം പൊലീസുകാരൻ മൊബൈലിൽ ചിത്രികരിച്ചതാണ് ജോബിനെ പ്രകോപിപ്പിച്ചത്. ശ്യം പ്രസാദിനെ ഇയാൾ നിലത്തിട്ട് നെഞ്ചിൽ ചവിട്ടിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
എം സി റോഡിൽ തെള്ളകത്തുള്ള കടയിൽ പുലർച്ചെ ഒരു മണിയോടെയാണ് അക്രമം ഉണ്ടായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിബിൻ ജോർജ് തട്ടുകടയിൽ എത്തി കട ഉടമയുമായി തർക്കമുണ്ടായി. അകാരണമായി തട്ടുകട ഉടമയെ പ്രതി ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് കോട്ടയത്തുനിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പോലീസുകാരൻ ശ്യാം പ്രസാദ് കടയിൽ കയറിയത്. പോലീസുകാരനെ മുൻ പരിചയം ഉള്ള കടയുടമ പ്രതി അക്രമം ഉണ്ടാക്കിയ വിവരം പറഞ്ഞു.
ഇതിനെ തുടർന്ന് ശ്യാം പ്രസാദ്, അക്രമം തുടർന്നാൽ പോലീസ് കസ്റ്റഡിയിലെടുക്കുമെന്ന് പ്രതിയോട് പറയുകയും ഇയാൾ കടയുടമയെ ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി ജിബിൻ ജോർജ് ശ്യാം പ്രസാദിന് മർദ്ദിച്ചു, പോലീസുകാരനെ തള്ളി താഴെ ഇട്ടശേഷം പ്രതി ഇയാളുടെ നെഞ്ചത്ത് ചവിട്ടി.
രാത്രികാല പെട്രോളിങ്ങിന് എത്തിയ പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇതിനിടെ ശ്യം പ്രസാദ് ജീപ്പിനുള്ളിൽ കുഴഞ്ഞു വീണു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ശ്യം പ്രസാദ് ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടരയോടെയാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ശ്യം പ്രസാദിന്റെ മഞ്ഞൂരിലെ വീട്ടിലേക്ക് കൊണ്ട് പോകും.