ചാലക്കുടി : മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ നാട്ടിലെത്തിച്ചു ചികിത്സിക്കാന്‍ ശ്രമം. കാട്ടാനയെ മയക്കുവെടി വെച്ചു. ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയയും സംഘവും മുറിവേറ്റ കാട്ടാനയ്ക്കരികിലെത്തി മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ രാവിലെ ആരംഭിച്ചിരുന്നു.
വെറ്റിലപ്പാറ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഫാക്ടറിക്ക് സമീപം പുഴയുടെ തുരുത്തിലാണ് ആനയുള്ളത്. ഇടവിട്ട ദിവസങ്ങളില്‍ ആനയെ കണ്ടതിനെത്തുടര്‍ന്നാണ് വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചത്. മസ്തകത്തില്‍ രണ്ട് മുറിവുകളാണ് ശ്രദ്ധയില്‍പെട്ടിട്ടുള്ളത്.
ആനയുടെ മുറിവില്‍ പഴുപ്പുണ്ടെന്ന വാര്‍ത്ത സ്ഥിരീകരിക്കാനായിട്ടില്ല. വാടാമുറിയിലും പറയന്‍പാറയിലും സമീപത്തെ തുരുത്തിലുമാണ് ആന മാറി മാറി നില്‍ക്കുന്നത്. ഇന്നലെ തീറ്റയെടുക്കല്‍ അധികം നടന്നിട്ടില്ല. എന്നാല്‍ ആന ക്ഷീണിതനുമല്ല. ആവശ്യമെങ്കില്‍ വയനാട് നിന്ന് കുങ്കിയാനകളെ എത്തിച്ച് കാട്ടുകൊമ്പനെ വരുതിയിലാക്കാനുള്ള ആലോചനയുമുണ്ട്.
ആനയെ നിരീക്ഷിക്കാന്‍ വനപാലക സംഘത്തോടൊപ്പം ഡോക്ടര്‍മാരുടെ സംഘവും ഇന്നലെ അതിരപ്പിള്ളി വനമേഖലയിലെത്തിയിരുന്നു. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍മാരായ ഡോ. ബിനോയ് സി. ബാബു, ഡോ. ഒ. വി മിഥുന്‍, പാലക്കാട് വെറ്ററിനറി ഓഫീസര്‍ ഡോ. ഡേവിഡ് എന്നിവരാണ് വാടാമുറി വനമേഖലയിലെത്തിയത്. അതിരപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജീഷ്മ ജനാര്‍ദ്ദനന്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി. കെ ശിവരാമന്‍, സെക്ഷന്‍ ഫോറസ്റ്റുമാരായ പി. എ അജേഷ്, സി. എസ് സനില്‍കുമാര്‍, എച്ച്. നൗഷാദ്, ആഷിക് ബി. വര്‍ഗീസ് കോശി, പി. എം സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്.