കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ നഷ്ടപരിഹാര പട്ടികയില്‍ അപാകതയെന്ന് പരാതി. പട്ടികയില്‍ അനര്‍ഹരും ഉള്‍പ്പെട്ടു എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ റവന്യൂ വകുപ്പ് പരിശോധന ആരംഭിച്ചു. നേരത്തെ തയ്യാറാക്കിയ പട്ടികയല്ല ഇപ്പോള്‍ പരിഗണിക്കുന്നത്. അര്‍ഹരായ പലരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി എന്നും, അനര്‍ഹര്‍ പട്ടികയില്‍ കയറിക്കൂടി എന്നും പ്രദേശവാസികള്‍ ആരോപിച്ചു.
പരാതി ഉയര്‍ന്നതിന് പിന്നാലെ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം റവന്യൂ സംഘം വിലങ്ങാട് വില്ലേജ് ഓഫീസില്‍ എത്തി പരിശോധന ആരംഭിച്ചു. വടകര ഡെപ്യൂട്ടി തഹസില്‍ദാര്‍ ടിപി അനിതയുടെ നേതൃത്വത്തിലാണ് പരിശോധന.
അതേസമയം, റവന്യുവകുപ്പ് തയ്യാറാക്കിയ പട്ടിക നിറയെ അപാകമാണെന്നും അര്‍ഹരായ ഒട്ടേറെ ആളുകളെ ഒഴിവാക്കിയതായും കോണ്‍ഗ്രസ്. നിലവില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ പോലും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടില്ല. മന്ത്രിതലയോഗത്തിലെ തീരുമാനങ്ങള്‍പ്പോലും ഇതുവരെ നടപ്പായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് 18 ന് വിലങ്ങാട് ടൗണില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്താന്‍ തീരുമാനിച്ചു.