Thursday, January 23, 2025
GeneralLocal News

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു


കോഴിക്കോട്: കാൽ വിരലിലെ പഴുപ്പ് ചികിത്സിക്കാൻ ബീച്ച് ആശുപത്രിയിലെത്തിയ വയോധികൻ യഥാസമയം ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് നിർദ്ദേശം നൽകി.

ഇതേ രോഗിയെ ഡോക്ടർ ചികിത്സിച്ചത് ഫോണിലൂടെയാണെന്ന മകന്റെ ആരോപണം ഡി .എം. ഒ. അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ചികിത്സ ലഭിച്ചി
ല്ലെന്ന പരാതി ആശുപത്രി സൂപ്രണ്ട് അന്വേഷിക്കണം.പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇടതു കാലിന്റെ വിരലുകൾക്കിടയിലുള്ള പഴുപ്പ് ചികിസിക്കാൻ ബീച്ച് ആശുപത്രിയിലെത്തിച്ച രോഗിക്ക് ഡോക്ടർ ഫോണിലൂടെ ചികിത്സ നൽകിയെന്നാണ് പരാതി. തുടർന്ന് അത്തോളി സ്വദേശി പി എം രാജൻ (80) മരിച്ചു . അത്തോളിയിലെ സഹകരണ ആശുപത്രിയിൽ നിന്നാണ് രോഗിയെ ബീച്ച് ജനറൽ ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച രാത്രി 14 -ാം വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട രാജന്റെ കാലിലെ മുറിവിന്റെ ചിത്രം എടുത്ത ശേഷം ഡ്യൂട്ടി ഡോക്ടർ മടങ്ങി. കുത്തിവയ്പ്പ് നൽകിയെങ്കിലും നില വഷളായി. വിവരം അരിയിച്ചിട്ടും ഡോക്ടർമാർ എത്തിയില്ല.
ഡോക്ടർ ഫോണിൽ നിർദ്ദേശം നൽകുന്നുണ്ടെന്നായിരുന്നു നഴ്സിന്റെ മറുപടിയെന്ന് രോഗിയുടെ മകൻ പറഞ്ഞു. പുലർച്ചെ ഡോക്ടർ എത്തിയെങ്കിലും രോഗി മരിച്ചു.

15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 28 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.


Reporter
the authorReporter

Leave a Reply