എറണാകുളം: നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ഉയര്‍ന്ന രക്തസമര്‍ദ്ദത്തെ തുടര്‍ന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ഉത്തരവ് കെട്ട ഉടനെ ബോബി ചെമ്മണ്ണൂര്‍ പ്രതികൂട്ടില്‍ തളര്‍ന്നു ഇരുന്നു. തുടര്‍ന്ന് ബോബിയെ കോടതി മുറിയില്‍ വിശ്രമിക്കാന്‍ അനുവദിച്ചു. ബോബി ചെമ്മണ്ണൂരിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും.
ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍നിന്നാണ് ഇന്നലെ എറണാകുളം സെന്‍ട്രല്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ മേപ്പാടിയിലുള്ള ബോച്ചെ 1000 ഏക്കറില്‍നിന്ന് മടങ്ങവെ പൊലിസ് തടഞ്ഞിട്ട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റ എ.ആര്‍ ക്യാംപിലെത്തിച്ച് പ്രാഥമികമായി ചോദ്യംചെയ്തു. ഒരു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ ബോച്ചേ നിഷേധിച്ചു.
വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ബോച്ചേ പൊലിസിന് മൊഴിനല്‍കിയത്. ഇവിടെ നിന്നന് ഒരു മണിക്കൂറിനു ശേഷം പൊലിസ് ബോച്ചേയുമായി എറണാകുളത്തേക്ക് പോയി. ബോച്ചേ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് എറണാകുളം പൊലിസ് വയനാട് പൊലിസിനെ പോലും അറിയിക്കാതെ മേപ്പാടിയിലെത്തി കസ്റ്റഡിയിലെടുത്തത്.