കൽപ്പറ്റ: നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായി ബോബി ചെമ്മണൂർ കസ്റ്റഡിൽ. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിൻ്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകാനായിരുന്നു നീക്കം. മുൻ കൂർജാമ്യ ഹർജി നൽകാനും നീക്കമുണ്ടായിരുന്നു. ഇതെല്ലാം പൊളിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പരാതി നൽകിയതിന് പിന്നാലെ വയനാട്ടിലേക്കുള്ള റിസോർട്ടിലേക്ക് ഇയാൾ മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘവും എത്തിയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബിയെ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് വയനാട് എസ്പി പറഞ്ഞു.
അതേസമയം, ഹണി റോസ് നൽകിയ സൈബർ അധിക്ഷേപ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെൻട്രൽ സിഐയുടെ നേതൃത്വത്തിൽ അന്വേഷണവും സെൻട്രൽ എസിപിക്ക് കേസിൻ്റെ മേൽനോട്ട ചുമതലയും നൽകി. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. ആവശ്യമെങ്കിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു.
ഹണി റോസിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത സൈബർ അധിക്ഷേപ കേസിൽ ഫെയ്സ്ബുക്കിൽ നിന്ന് കൊച്ചി പൊലീസ് വിവരങ്ങൾ തേടി. ഈ പരാതിയിൽ മൊഴി നൽകിയ ഹണി റോസ് ഇൻസ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്ക്രീൻഷോട്ട് സഹിതം പൊലീസിന് കൈമാറി. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു.
‘ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിൻറെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു’ എന്നാണ് ഹണി റോസ് ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റിൽ പറയുന്നത്.
സ്വർണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയിൽ ഉടമ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾക്കും കമന്റുകൾക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് താഴെ രൂക്ഷമായ സൈബർ അധിക്ഷേപം നടന്നു. പിന്നാലെ നടി പൊലീസിനെ സമീപിക്കുകയും അശ്ലീല കമൻ്റിട്ടവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ആദ്യം നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതിപ്പെട്ടിരുന്നില്ല. പിന്നീടാണ് എറണാകുളം സെൻട്രൽ പൊലീസിൽ നേരിട്ടെത്തി താരം പരാതി നൽകുകയും ഇക്കാര്യം ഇൻസ്റ്റഗ്രാമിൽ ബോബി ചെമ്മണ്ണൂരിനുള്ള പരസ്യമായ കത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തത്.