കോഴിക്കോട്: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായ പിവി അൻവർ എംഎൽഎയെ പിന്തുണച്ച് കെകെ രമ എംഎൽഎ. പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് അൻവറിന്റെ ജയിൽവാസമെന്ന് കെകെ രമ പറഞ്ഞു. കേരളം കണ്ട ഏറ്റവും ഭീരുവായ ഭരണാധികാരിയാണ് പിണറായി. പെരിയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ പി ജയരാജൻ സ്വീകരിച്ച ദിവസമാണ് ഒരു ജനപ്രതിനിധിയെ വീട് വളഞ്ഞു അറസ്റ്റു ചെയ്തതെന്നും കെകെ രമ പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ ജനപ്രതിനിധിയെ ആണ് ജയിലിൽ അടച്ചത്. നിസ്സഹായരായ ജനങ്ങൾക്ക് മേൽ സിംഹാസനമിട്ടു പുച്ഛ ചിരിയുമായി വാഴുകയാണ് പിണറായി. കാലം ഒരു കണക്കും തീർക്കാതെ പോയിട്ടില്ലെന്നും പിണറായി ഓർക്കണമെന്നും കെകെ രമ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.
14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്. നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിവി അൻവറിന്‍റെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. വൻ പൊലീസ് സന്നാഹവുമായിട്ടാണ് നേതൃത്വം അന്‍വറിന്‍റെ വീട്ടിലെത്തിയത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് അൻവറിന്റെ പ്രതികരണം. എംഎൽഎ ആയതിനാൽ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അൻവർ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണത്. മോദിയേക്കാൾ വലിയ ഭരണകൂട ഭീകരത പിണറായി നടപ്പാക്കുകയാണെന്നും അൻവർ ആരോപിച്ചിരുന്നു.
അതിനിടെ, അൻവറിന് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തി. പിവി അൻവർ എംഎൽഎയുടെ അറസ്റ്റിലെ സർക്കാരിൻറെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി വാർത്താക്കുറിപ്പിറക്കി. പൊതുമുതൽ നശിപ്പിച്ച കേസിന്റെ പേരിൽ പിവി അൻവറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്നും സുധാകരൻ ചോദിച്ചു. അൻവറിനെതിരായ നടപടി തെറ്റെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു