General

ക്രിസ്മസ് അവധിക്ക് മെമ്മോ! ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് ആത്മഹത്യക്ക് ശ്രമിച്ചു

Nano News

തൃശ്ശൂർ: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പേരാമ്പ്ര സ്വദേശി ഡീന ജോണ്‍ (51) ആണ് സൂപ്രണ്ടിന്റെ മുറിയില്‍ വച്ച് ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തക ഗുളികകള്‍ തട്ടികളഞ്ഞിരുന്നതിനാല്‍ കുറച്ച് ഗുളികകള്‍ മാത്രമാണ് ഡീന ജോൺ കഴിച്ചത്. ക്രിസ്തുമസ് അവധിയുമായി ബന്ധപ്പെട്ട വിഷയമാണ് ആത്മഹത്യാ ശ്രമത്തിന് കാരണം എന്നാണ് വിവരം.

ക്രിസ്മസിന് ഡീന മൂന്ന് ദിവസത്തെ ലീവ് ചോദിച്ച് അപക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ക്രിസ്തുമസ് ആഘോഷം നടക്കുന്നതിനാല്‍ നിര്‍ബദ്ധമായും പങ്കെടുക്കണമെന്ന അനൗദ്യോഗിക നിര്‍ദേശം ഉള്ളതിനാല്‍ ലീവ് നല്‍കാന്‍ സാധിക്കില്ലെന്ന് സൂപ്രണ്ട് പറഞ്ഞതായി ഡീന പറയുന്നു. ഇത് അംഗീകരിക്കാതെ ഡീന അവധിയെടുത്തു. ഇതിൽ സൂപ്രണ്ട് മെമ്മോ നല്‍കിയിരുന്നു. മെമ്മോയ്ക്ക് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന കാരണം പറഞ്ഞ് സൂപ്രണ്ടിന്റെ മുറിയിലേയ്ക്ക് വിളിപ്പിച്ചെന്നും അവിടെ വെച്ച് സൂപ്രണ്ട് അധിക്ഷേപിച്ച് സംസാരിച്ചെന്നും ആരോപണമുണ്ട്. ഇതിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഡീന മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ആരോപണങ്ങൾ സൂപ്രണ്ട് തള്ളി. ആശുപത്രിയില്‍ തന്നെ ചികിത്സ തേടിയ ഡീനയുടെ മൊഴി ഇരിങ്ങാലക്കുട പോലീസെത്തി രേഖപ്പെടുത്തി. സംഭവത്തിൽ ഡിഎംഒ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ രംഗത്തെത്തി.


Reporter
the authorReporter

Leave a Reply