കോഴിക്കോട്: കോഴിക്കോട് സര്‍ക്കാര്‍ നേഴ്‌സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി രാധാകൃഷ്ണന്റെ മരണത്തില്‍ ആരോപണവുമായി ബന്ധുക്കള്‍. ലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ബന്ധു ഹരിപ്രസാദ് പറഞ്ഞു. ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം നിലവിലില്ല. ഞായറാഴ്ചയാണ് നാട്ടില്‍ നിന്നും കോഴിക്കോടേക്ക് മടങ്ങിയതെന്നും ഹരിപ്രസാദ് പറയുന്നു. കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്ന് കുടുംബം വ്യക്തമാക്കി.
ലക്ഷ്മിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. നഴ്‌സിങ് കോളജില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചശേഷം കോട്ടയത്തേക്ക് കൊണ്ടുപോയി. കുറച്ചുദിവസമായി ലക്ഷ്മി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന സൂചന.
ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലിസ് അന്വേഷണം നടക്കുകയാണ്. മരണത്തിന് ആരും കാരണക്കാരല്ല എന്ന ആത്മഹത്യാ കുറിപ്പ് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ ലക്ഷ്മിയുടെ ഫോണ്‍ പൊലിസ് കസ്റ്റഡിയിലെടുത്ത് വിശദമായി പരിശോധിക്കുകയാണ്.
കോളജ് ക്യാംപസിന് പുറത്തുള്ള എം.എസ്.എസ് എയ്ഡ് സെന്ററിനോട് ചേര്‍ന്നുള്ള ബക്കര്‍ വില്ല ഹോസ്റ്റലില്‍ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലക്ഷ്മി ഇന്നലെ ക്ലാസില്‍ പോയിരുന്നില്ല. ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.