മലപ്പുറം: താനൂർ തൂവൽ തീരത്ത് സംഭവിച്ച ബോട്ടപകടത്തിൽ പരിക്കേറ്റ കുട്ടിക്ക് തുടർ ചികിത്സക്കുള്ള ധനസഹായം ലഭിക്കുന്നതിനായി ആവശ്യമായ രേഖകൾ സഹിതം മലപ്പുറം ജില്ലാ കളക്ടറുടെ ഓഫീസിനെ സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കുട്ടിയുടെ പിതാവിന് നിർദ്ദേശം നൽകി.
പ്രതിമാസം വലിയൊരു തുക ചികിത്സക്ക് ചെലവഴിക്കുകയാണെന്ന് ആരോപിച്ച് മലപ്പുറം നെടുവ സ്വദേശി മുഹമ്മദ് ജാബിർ സമർപ്പിച്ച പരാതിയിലാണ് നടപടി.
മലപ്പുറം ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റവർക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്. ആശുപത്രിയിലെ ചികിത്സാചെലവുകൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. തുടർചികിത്സ ആവശ്യമുള്ള കേസുകളിൽ ചികിത്സ രേഖകൾ ജില്ലാ കളക്ടർക്ക് സമർപ്പിച്ചവർക്ക് ചികിത്സാ ചെലവ് അനുവദിച്ചിട്ടുണ്ട്.
പരാതിക്കാരന്റെ മകൾക്ക് തുടർ ചികിത്സ ആവശ്യമുണ്ടോ എന്ന കാര്യം ജില്ലാ കളക്ടറെ അറിയിച്ചിട്ടില്ല. പരാതിക്കാരൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പരാതി നൽകിയിരുന്നു. ചികിത്സാ ചെലവ് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കേറ്റ്, ചികിത്സാ രേഖകൾ, ഡിസ്ചാർജ് സമ്മറി, ആധാർ കാർഡ് എന്നീ രേഖകൾ സമർപ്പിക്കാത്തതിനാൽ അവ സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.