കൊടുവള്ളി: കൊടുവള്ളിയിലെ ദീപം ജ്വല്ലറി ഉടമയും ആഭരണ നിർമാതാവുമായ മുത്തമ്പലം സ്വദേശി ബൈജുവിനെ സ്കൂട്ടറിൽ കാറിടിച്ചുതെറിപ്പിച്ച ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി 1.750 കിലോഗ്രാം സ്വർണം കവർന്ന കേസിൽ അഞ്ചുപേരെ പൊലീസ് പിടികൂടി.
കവർച്ചയുടെ മുഖ്യ സൂത്രധാരൻ മാനിപുരത്ത് താമസിക്കുന്ന പാലക്കാട് സ്വദേശിയും കൊടുവള്ളിയിലെ സ്വർണ വ്യാപാരിയുമായ പെരുവമ്പ പെരുംകുളങ്ങര വീട്ടിൽ രമേശൻ (42), തൃശൂർ സ്വദേശികളായ വെമ്പനാട് പാവറട്ടി മൂക്കൊല വീട്ടിൽ എം.വി. വിപിൻ (35), പാലുവയ് പെരിങ്ങാട്ട് പി.ആർ. വിമൽ (38), പാവറട്ടി മരുത്വാ വീട്ടിൽ എം.സി. ഹരീഷ് (38), പാലക്കാട് തത്തമംഗലം ചിങ്ങാട്ട് കുളമ്പ് ലതീഷ് (43) എന്നിവരെയാണ് ശനിയാഴ്ച തൃശൂർ, പാവറട്ടി എന്നിവിടങ്ങളിൽനിന്ന് കോഴിക്കോട് റൂറൽ എസ്.പി നിധിൻ രാജിന്റെ കീഴിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് ഒരു കിലോ മുന്നൂറ് ഗ്രാം സ്വർണം കണ്ടെടുക്കുകയും ചെയ്തു. നവംബർ 27ന് രാത്രി 10ഓടെ സ്വർണാഭരണ നിർമാണശാല പൂട്ടി ഒന്നേമുക്കാൽ കിലോയോളം സ്വർണാഭരണങ്ങളുമായി സ്കൂട്ടറിൽ കൊടുവള്ളിയിൽനിന്ന് മൂന്ന് കി.മീറ്റർ അകലെയുള്ള വീട്ടിലേക്ക് പോവുകയായിരുന്ന ബൈജുവിനെ വ്യാജ നമ്പർ പതിച്ച സ്വിഫ്റ്റ് ഡിസയർ കാറിൽ വന്ന നാലുപേർ മുത്തമ്പലത്തെ ആളൊഴിഞ്ഞ റോഡിൽ കവർച്ച ചെയ്യുകയായിരുന്നു.
താമരശ്ശേരി ഡിവൈ.എസ്.പി എ.പി. ചന്ദ്രന്റെയും കൊടുവള്ളി ഇൻസ്പെക്ടർ കെ.പി. അഭിലാഷിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിലെ അഞ്ച് പ്രതികളെയും പിടികൂടിയത്.