തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുനെ പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ പൊലിസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗുരുതര ആരോപണവുമായി ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി. തന്റെ മകനെ കൊന്നതാണെന്ന് ഉറപ്പാണെന്നും സി.ബി.ഐ. ഉള്‍പ്പെടെ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വര്‍ണക്കടത്ത് മാഫിയയാണ് മകന്റെ മരണത്തിന് പിന്നില്‍. ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത് മാധ്യമങ്ങളിലൂടെ അറിഞ്ഞു. അര്‍ജുന്‍ നേരത്തെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. അപകടത്തിന് ശേഷമാണ് കേസുകളെക്കുറിച്ച് അറിഞ്ഞത്. അര്‍ജുന്‍ പൊലീസിന്റെ പിടിയിലായതോടെ ഇനി മരണത്തിന് പിന്നിലെ സത്യങ്ങള്‍ പുറത്തുവരുമെന്ന് ബാലഭാസ്‌ക്കറിന്റെ പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ബാലഭാസ്‌കര്‍ മരിച്ച സമയത്ത് അദ്ദേഹമായിരുന്നു വാഹനമോടിച്ചിരുന്നതെന്നും അതുകൊണ്ട് തനിക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് അര്‍ജുന്‍ എം.എ.സി.ടി.യില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും ഉണ്ണി പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടിലേക്ക് പോകുകയായിരുന്ന ജ്വല്ലറി ഉടമകളെ പെരിന്തല്‍മണ്ണയില്‍ വെച്ച് ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണം അര്‍ജുന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കവര്‍ന്നത്. ആസൂത്രിതമായി നടന്ന വന്‍കവര്‍ച്ചയില്‍ നേരത്തെ 13 പ്രതികളെ പൊലിസ് പിടികൂടിയിരുന്നു.