കോഴിക്കോട്: കോഴിക്കോട് – കണ്ണൂർ ദേശീയ പാതയിൽ സ്വകാര്യ ബസുകൾ നടത്തുന്ന അമിത വേഗതയും മത്സര ഓട്ടവും നിയന്ത്രിക്കാൻ ജില്ലകളിലെ ഹൈവേപരിധിയിലുള്ള എല്ലാ എസ്.എച്ച് ഒ മാർക്കും ഹൈവേപോലീസ്, ഇന്റർസെപ്റ്റർ, ട്രാഫിക് യൂണിറ്റുകൾ എന്നിവർക്കും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കണ്ണൂർ റേഞ്ച് ഡി. ഐ. ജി.മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
അമിത വേഗത സംബന്ധിച്ച് കമ്മീഷൻ ജൂഡിഷ്യൽ അംഗം കെ. ബൈജൂനാഥ് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കണ്ണൂർ – കോഴിക്കോട് ഹൈവേയിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. പെട്രോളിംഗിൽ നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കും. ദീർഘദൂര ബസുകൾ യാത്രക്കാർക്കും പൊതുജനങ്ങൾക്കും അപകടമുണ്ടാക്കുന്ന രീതിയിൽ സർവീസ് നടത്തിയാൽ ബന്ധപ്പെട്ട എസ്.എച്ച്. ഒ മാർ നടപടിയെടുക്കും.
കോഴിക്കോട് സിറ്റി പോലീസ് , കോഴിക്കോട് റൂറൽ,കണ്ണൂർ സിറ്റിഎന്നീ പോലീസ് മേധാവിമാരിൽ നിന്നും ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡി ഐ,ജി റിപ്പോർട്ട് നൽകിയത്. അമിത വേഗതയും മത്സര ഓട്ടവും കണ്ടെത്താൻ രണ്ടു ദിവസം പ്രത്യേക പരിശോധനകൾ നടത്തിയെങ്കിലും നിയമലംഘനങ്ങൾ കണ്ടെത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കൊയിലാണ്ടി ഭാഗത്ത് നിന്നു വരുന്ന ബസുകളുടെ അമിതവേഗത പരിശോധിക്കാൻ എലത്തൂരിൽ ബസ് പഞ്ചിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. അമിത വേഗത നിയന്ത്രിക്കാൻ കോഴിക്കോട് സിറ്റിയിൽ ഒരു ഇന്റർസെപ്റ്റർ വാഹനം അനുവദിച്ചിട്ടുണ്ട്. ഈ റൂട്ടിലെ ബസ് ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകി നിയമലംഘനങ്ങൾ ആവർത്തിച്ചാലുള്ള ഭ വിഷ്യത്ത് പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്.
കണ്ണൂർ റേഞ്ചിന് കീഴിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ അമിതവേഗത കണ്ടെത്താൻ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുമെന്നും റിപ്പോർട്ടിലുണ്ട്.
ആറുവരി പാതാ നിർമ്മാണം നടക്കുന്ന ദേശീയ പാതയിലെ ഗതാഗത കുരുക്ക് കണക്കിലെടുക്കാതെയാണ് സ്വകാര്യ ബസുകൾ അമിത വേഗതയിൽ പായുന്നത്.ലൈൻ ട്രാഫിക് അനുസരിക്കാറില്ല. അമിത വേഗത ചെറിയ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി മാറുന്നുണ്ടെന്നും പരാതിയുണ്ട്.