Saturday, November 23, 2024
General

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും


കോഴിക്കോട്: അന്ത്യോദയ അന്നയോജന(മഞ്ഞ), മുന്‍ഗണന (പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെ ഇതുവരെ പൂര്‍ത്തിയായത് 60 ശതമാനം മാത്രം. ഉപഭോക്താക്കളില്‍ 40 ശതമാനം പേര്‍ക്കും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ മസ്റ്ററിങ് സമയം ഈമാസം 31 വരെ നീട്ടണമെന്ന് കാര്‍ഡുടമകളും റേഷന്‍ വ്യാപാരികളും പറയുന്നു.

ആധാര്‍ പുതുക്കാത്തവര്‍ക്കും റേഷന്‍ കാര്‍ഡിലെയും ആധാര്‍ കാര്‍ഡിലെയും പേരുകളില്‍ പൊരുത്തക്കേടുകള്‍ ഉള്ളവര്‍ക്കും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയും നിരവധി പേര്‍ മസ്റ്ററിങ് ചെയ്യാനുണ്ട്. പലയിടങ്ങളിലും ആളുകള്‍ എത്താത്തതും ചിലയിടങ്ങളില്‍ ഇ പോസ് മെഷീന്‍ പണിമുടക്കുന്നതുമാണ് മസ്റ്ററിങ് ഇഴയാന്‍ ഇടയാക്കുന്നത്.

പത്ത് വയസിനു താഴെയുള്ള കുട്ടികള്‍, കൈവിരലിന്റെ തൊലിപ്പുറത്ത് അസുഖം ബാധിച്ചവര്‍, കൈവിരല്‍ പതിയാത്ത മുതിര്‍ന്ന അംഗങ്ങള്‍, സിമന്റ് കെമിക്കല്‍ കശുവണ്ടി ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍, മാനസിക വിഭ്രാന്തിയുള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവരുടെ ഇപോസ് യന്ത്രത്തിലൂടെയുള്ള ബയോമെട്രിക് സംവിധാനം പരാജയപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ ഇത്തരം അംഗങ്ങളുള്ള കാര്‍ഡുടമകളുടെ റേഷന്‍ വിഹിതം അടുത്ത മാസം മുതല്‍ കുറയുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

അവധി ദിവസങ്ങളിലും പ്രവൃത്തി സമയങ്ങളില്‍ അധിക സമയം പ്രവര്‍ത്തിച്ചുമാണ് നിലവില്‍ മസ്റ്ററിങ് നടത്തുന്നത്. സമയം നീട്ടിയാല്‍ മാത്രമേ പരമാവധി ആളുകളെ ഇതിന്റെ ഭാഗമാക്കാന്‍ പറ്റുകയുള്ളൂവെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു.

ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി നടപ്പിലാക്കിയതോടെ എവിടെ നിന്നും മസ്റ്ററിങ് നടത്താനും റേഷന്‍ വാങ്ങാനും സാധിക്കുന്നത് കൊണ്ട് ഇതിന്റെ പൂര്‍ണമായ കണക്കുകള്‍ ബന്ധപ്പെട്ട അധികാരികള്‍ ഓണ്‍ലൈനായി ശേഖരിക്കണമെന്ന് ഓള്‍ കേരള റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കൂടാതെ മസ്റ്ററിങ്ങിനോട് അനുബന്ധിച്ചുള്ള എല്ലാ അവധി ദിവസങ്ങളും പ്രവൃത്തിദിവസങ്ങളായി പ്രവര്‍ത്തിച്ച റേഷന്‍ വ്യാപാരികള്‍ക്ക് ഒരു പ്രവൃത്തിദിവസം അവധിയായി നല്‍കണമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവര്‍ ആവശ്യപ്പെട്ടു.


Reporter
the authorReporter

Leave a Reply